Thursday, June 18, 2026

റഷ്യക്കെതിരെ കൂടുതൽ ഉപരോധങ്ങൾ; യുക്രൈന് ആണവോർജ്ജ സഹായവുമായി യു. കെ

റഷ്യയുടെ വരുമാന സ്രോതസ്സുകൾ കൂടുതൽ കർശനമായി തടയുന്നതിനായി പുതിയ ഉപരോധങ്ങൾ ഏർപ്പെടുത്തുമെന്നും യുക്രൈനിലെ ആണവനിലയങ്ങളുടെ പ്രവർത്തനത്തിനായി കോടിക്കണക്കിന് പൗണ്ടിന്റെ ഊർജ്ജ സഹായം നൽകുമെന്നും ബ്രിട്ടീഷ് പ്രധാനമന്ത്രി കീർ സ്റ്റാർമർ പ്രഖ്യാപിച്ചു. ഫ്രാൻസിലെ എവിയൻ-ലെ-ബെയിൻസിൽ ആരംഭിച്ച ജി7 ഉച്ചകോടിയിൽ പങ്കെടുത്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ബ്രിട്ടീഷ് ചാനലിൽ വച്ച് റഷ്യൻ എണ്ണക്കപ്പൽ യു. കെ. സൈന്യം പിടിച്ചെടുത്തതിന് തൊട്ടുപിന്നാലെയാണ് റഷ്യക്കെതിരെയുള്ള പുതിയ ഉപരോധങ്ങൾ ബ്രിട്ടൻ പ്രഖ്യാപിക്കുന്നത്. ഉച്ചകോടിയുടെ ഭാഗമായി കീർ സ്റ്റാർമർ യുക്രൈൻ പ്രസിഡന്റ് വൊളോഡിമിർ സെലൻസ്കിയുമായും ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും കൂടിക്കാഴ്ച നടത്തും.

തുടർച്ചയായ റഷ്യൻ ആക്രമണങ്ങളിൽ യുക്രൈന്റെ ഊർജ്ജ സംവിധാനങ്ങൾ തകർന്ന പശ്ചാത്തലത്തിൽ, വരും വർഷങ്ങളിലെ ശൈത്യകാലത്തെ അതിജീവിക്കാൻ യുക്രൈനിലെ ആണവനിലയങ്ങൾക്കായി 210 മില്യൺ പൗണ്ട് (ഏകദേശം 2100 കോടിയിലധികം രൂപ) സഹായമാണ് ബ്രിട്ടൻ പ്രഖ്യാപിച്ചിരിക്കുന്നത്. കഴിഞ്ഞ ആഴ്ച ഡൗണിംഗ് സ്ട്രീറ്റിൽ വെച്ച് സ്റ്റാർമറും സെലൻസ്കിയും തമ്മിൽ നടത്തിയ കൂടിക്കാഴ്ചയിലാണ് ഈ കരാർ ഒപ്പിട്ടത്. “യുക്രൈൻ എത്രത്തോളം ആവശ്യപ്പെടുന്നുവോ അത്രത്തോളം കാലം ഞങ്ങൾ അവർക്കൊപ്പം നിൽക്കും. പുടിൻ തന്റെ ടാങ്കുകൾ പിൻവലിക്കാനും ക്രൂരമായ ആക്രമണങ്ങൾ അവസാനിപ്പിച്ച് ചർച്ചകളുടെ മേശയിലേക്ക് വരാനും തയ്യാറാകണം,” കീർ സ്റ്റാർമർ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here

Latest News