Thursday, July 16, 2026

നോബൽ ജേതാക്കളും ലോകനേതാക്കളും ആണവായുധങ്ങൾക്കും അനിയന്ത്രിത ആർട്ടിഫിഷ്യൽ ഇന്റലിജൻസിനുമെതിരെ കാസിൽ ഗാൻഡോൾഫോയിൽ ഒത്തുചേരുന്നു

നോബൽ ജേതാക്കളും ലോകനേതാക്കളും ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) ആണവയുദ്ധ ഭീഷണി എന്നിവ ഉയർത്തുന്ന വെല്ലുവിളികളെക്കുറിച്ച് ചർച്ച ചെയ്യുന്നതിനായി കാസിൽ ഗാൻഡോൾഫോയിൽ ഒത്തു ചേരുന്നു. ജൂലൈ 14 മുതൽ 16 വരെ കാസിൽ ഗാൻഡോൾഫോയിലെ പൊന്തിഫിക്കൽ ഗാർഡൻസിലുള്ള ബോർഗോ ലൗദാത്തോ സിയിലാണ് ‘ഗ്ലോബൽ നോബൽ ലൗറിയറ്റ്സ് അസംബ്ലി’ നടക്കുന്നത്.

മുപ്പത് നോബൽ സമ്മാന ജേതാക്കൾ, മുപ്പതോളം രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികൾ, മുൻ രാഷ്ട്രത്തലവന്മാർ, ഒപ്പം ലോകത്തെ മുൻനിര ടെക് കമ്പനികളായ ഓപ്പൺഎഐ (OpenAI), ഗൂഗിൾ ഡീപ്മൈൻഡ് (Google DeepMind), ആന്ത്രാപിക് (Anthropic), എ.എ.ആർ.യു (AARU) എന്നിവയിൽ നിന്നുള്ള ശാസ്ത്രജ്ഞരടക്കം ഇരുപതോളം എഐ വിദഗ്ധർ ഉച്ചകോടിയിൽ പങ്കെടുക്കുന്നുണ്ട്.

ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ കാലഘട്ടത്തിൽ മനുഷ്യന്റെ സുരക്ഷയും അന്തസ്സും ഉയർത്തിപ്പിടിക്കാൻ ആഹ്വാനം ചെയ്യുന്ന ലെയോ പതിനാലാമൻ മാർപ്പാപ്പയുടെ ‘മാഗ്നിഫിക്ക ഹ്യുമാനിത്താസ്’ എന്ന പുതിയ ചാക്രികലേഖനമാണ് ഈ കൂട്ടായ്മയ്ക്ക് പിന്നിലെ പ്രചോദനം. ആഗോള യുദ്ധങ്ങളും ആണവായുധ ഭീഷണികളും വർദ്ധിച്ചുവരുന്ന ഇന്നത്തെ സാഹചര്യത്തിൽ, മാർപ്പാപ്പയുടെ ‘ആയുധമില്ലാത്ത സമാധാനം’ എന്ന ആശയത്തെ മുൻനിർത്തിയാണ് ചർച്ചകൾ നടക്കുന്നത്.

മൂന്ന് ദിവസം നീണ്ടുനിൽക്കുന്ന ‘കോൺക്ലേവ്’ മാതൃകയിലുള്ള ഈ ചർച്ചയിൽ നൂറിലധികം പ്രതിനിധികളാണ് പങ്കെടുക്കുന്നത്. വർദ്ധിച്ചുവരുന്ന ആണവായുധ ഭീഷണികൾക്കെതിരെ അന്താരാഷ്ട്ര തലത്തിൽ സ്വീകരിക്കേണ്ട നയങ്ങൾ, എഐ നിയന്ത്രണം, സമാധാനാധിഷ്ഠിത സമ്പദ്‌വ്യവസ്ഥ എന്നിവ ചർച്ചയിൽ ഉൾപ്പെടുന്നു.

ഹാർവാർഡ്, സ്റ്റാൻഫോർഡ്, ഓക്സ്ഫോർഡ്, കൊളംബിയ, പ്രിൻസ്റ്റൺ ഉൾപ്പെടെ ലോകത്തിലെ മുപ്പതോളം പ്രമുഖ സർവകലാശാലകളിലെയും ഗവേഷണ സ്ഥാപനങ്ങളിലെയും പ്രതിനിധികളും ചടങ്ങിൽ പങ്കെടുക്കുന്നുണ്ട്. നോബൽ ലൗറിയറ്റ്സ് അസംബ്ലി ഫോർ പ്രിവൻഷൻ ഓഫ് ന്യൂക്ലിയർ വാർ, നോബൽ വിമൻസ് ഇനിഷ്യേറ്റീവ് തുടങ്ങിയ സന്നദ്ധ സംഘടനകളാണ് ഈ കൂട്ടായ്മയ്ക്ക് നേതൃത്വം നൽകുന്നത്.

ഈ ഉച്ചകോടിയുടെ അവസാന ദിവസമായ ജൂലൈ 16-ന് റോമിലെ ചരിത്രപ്രസിദ്ധമായ കാപ്പിറ്റോലിൻ ഹില്ലിൽ വെച്ച് നടക്കുന്ന സമാപന ചടങ്ങിൽ ‘റോം ഡിക്ലറേഷൻ ഫോർ എ ഡിസ്ആംഡ് ആൻഡ് ഡിസ്ആമിംഗ് പീസ്’ എന്ന സംയുക്ത പ്രഖ്യാപനം പുറത്തിറക്കും.

ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, സ്വയം പ്രവർത്തിക്കുന്ന ആയുധങ്ങൾ (Autonomous Weapons) എന്നിവയുടെ ഉപയോഗം നിയന്ത്രിക്കുന്നതിനും, മനുഷ്യന്റെ അന്തസ്സും പരസ്പര സഹകരണവും മുൻനിർത്തിയുള്ള സമാധാനപരമായ ഒരു ആഗോള വികസന മാതൃകയ്ക്ക് രൂപം നൽകുന്നതിനുമുള്ള പ്രധാന മാർഗ്ഗനിർദ്ദേശങ്ങൾ അടങ്ങിയതായിരിക്കും ചരിത്രപരമായ ഈ പ്രഖ്യാപനം.

LEAVE A REPLY

Please enter your comment!
Please enter your name here

Latest News