ഇന്ത്യൻ ചെസ്സ് താരം ആർ. പ്രഗ്നാനന്ദയ്ക്ക് ചരിത്ര വിജയം. ടൂർണമെന്റിന്റെ പത്താമത്തെയും അവസാനത്തെയും റൗണ്ടിൽ ജർമ്മനിയുടെ വിൻസെന്റ് കെയ്മറെ പരാജയപ്പെടുത്തി 20-കാരനായ പ്രഗ്നാനന്ദ നോർവേ ചെസ്സ് കിരീടം സ്വന്തമാക്കി. ഇതോടെ 13 വർഷത്തെ ചരിത്രമുള്ള ഈ അഭിമാനകരമായ ടൂർണമെന്റിൽ ചാമ്പ്യനാകുന്ന ആദ്യ ഇന്ത്യൻ താരമെന്ന റെക്കോർഡ് പ്രഗ്നാനന്ദ സ്വന്തം പേരിൽ കുറിച്ചു. അതേസമയം, ലോക ചാമ്പ്യനായ ഇന്ത്യൻ താരം ഡി. ഗുകേഷ് ടൂർണമെന്റിൽ അവസാന സ്ഥാനത്താണ് ഫിനിഷ് ചെയ്തത്.
അവസാന ദിവസത്തെ മത്സരങ്ങൾക്ക് തുടക്കം കുറിക്കുമ്പോൾ 15 പോയിന്റുമായി പ്രഗ്നാനന്ദ രണ്ടാം സ്ഥാനത്തായിരുന്നു. 15.5 പോയിന്റോടെ വെസ്‌ലി സോ ആയിരുന്നു ഒന്നാം സ്ഥാനത്ത്. ഫിറൂസ്ജ അലിരേസ 14.5 പോയിന്റുമായി തൊട്ടുപിന്നാലെയുണ്ടായിരുന്നു. കിരീടത്തിനായി കടുത്ത പോരാട്ടം നടന്ന അവസാന റൗണ്ടിൽ അലിരേസയും വെസ്‌ലിയും തമ്മിലുള്ള മത്സരം സമനിലയിലാവുകയും കളി അവസാനത്തിലേക്ക് നീളുകയും ചെയ്തു. ഇതിനിടയിൽ കെയ്മർക്കെതിരെ തകർപ്പൻ വിജയം നേടിയ പ്രഗ്നാനന്ദ പോയിന്റ് പട്ടികയിൽ ഒന്നാമതെത്തി കിരീടം ഉറപ്പിക്കുകയായിരുന്നു.
ആർ. പ്രഗ്നാനന്ദ 18 പോയിന്റ് നേടി ചാമ്പ്യനാവുകയും, വെസ്‌ലി സോ 17 പോയിന്റുകളോടെ രണ്ടാം സ്ഥാനം കരസ്ഥമാക്കുകയും, ഫിറൂസ്ജ അലിരേസ 15.5 പോയിന്റിൽ മൂന്നാം സ്ഥാനത്ത് എത്തുകയും ചെയ്തു. സെർജി കർജാക്കിൻ, വെസെലിൻ ടോപാലോവ്, മാഗ്നസ് കാൾസൻ, ലെവോൺ അരോണിയൻ, ഫാബിയാനോ കരുവാന, ഹികാരു നകാമുറ എന്നിവർക്ക് പിന്നാലെ നോർവേ ചെസ്സ് ടൂർണമെന്റിന്റെ ചരിത്രത്തിൽ ഓപ്പൺ കാറ്റഗറിയിൽ കിരീടം നേടുന്ന ഏഴാമത്തെ താരമായി മാറുകയായിരുന്നു പ്രഗ്നാനന്ദ.

