Friday, July 10, 2026

യൂറോപ്പിൽ കടുത്ത ഉഷ്ണതരംഗം; സ്പെയിനിൽ കാട്ടുതീയിൽ 12 മരണം

തെക്കൻ യൂറോപ്പിൽ കടുത്ത ഉഷ്ണതരംഗവും ഉയർന്ന താപനിലയും തുടരുന്നതിനിടയിൽ, സ്പെയിനിലുണ്ടായ ശക്തമായ കാട്ടുതീയിൽപ്പെട്ട് 12 പേർ മരണപ്പെട്ടു. തെക്കുകിഴക്കൻ പ്രവിശ്യയായ അൽമേരിയയിലെ ലോസ് ഗല്ലാർഡോസിലാണ് ദുരന്തമുണ്ടായതെന്ന് അന്തലൂസിയൻ പ്രാദേശിക ഭരണകൂടം സ്ഥിരീകരിച്ചു. ആറ് പേർക്ക് പരിക്കേറ്റിട്ടുണ്ട്.

മരണപ്പെട്ടവരിൽ ചിലരെ തീപിടുത്തത്തിൽ പൂർണ്ണമായി കരിഞ്ഞുപോയ വാഹനങ്ങൾക്കുള്ളിലാണ് കണ്ടെത്തിയത്. ശക്തമായ കാറ്റിൽ തകർന്നുവീണ വൈദ്യുതി ലൈനിൽ നിന്നാണ് തീപിടുത്തമുണ്ടായതെന്നും ഇത് പിന്നീട് അടുത്തുള്ള വനമേഖലയിലേക്ക് അതിവേഗം പടരുകയായിരുന്നുവെന്നും ദൃക്‌സാക്ഷികൾ പറയുന്നു. എന്നാൽ അധികൃതർ അപകടകാരണം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.

ലോസ് ഗല്ലാർഡോസിലെ കാട്ടുതീയിൽ ആദ്യം ആറ് മരണങ്ങളാണ് റിപ്പോർട്ട് ചെയ്തിരുന്നതെങ്കിലും പിന്നീട് ആറ് പേരുടെ മൃതദേഹങ്ങൾ കൂടി കണ്ടെത്തിയതോടെ ആകെ മരണം 12 ആയി. പ്രദേശത്തുനിന്നും ആയിരത്തോളം താമസക്കാരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിപ്പാർപ്പിച്ചു. പരിക്കേറ്റവരിൽ പുക ശ്വസിച്ച് ഗുരുതരാവസ്ഥയിലായ ഒരാളെയും പൊള്ളലേറ്റ മറ്റൊരാളെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നൂറിലധികം അഗ്നിശമന സേനാംഗങ്ങളും സ്പെയിന്റെ പ്രത്യേക സൈനിക അടിയന്തര വിഭാഗവും (UME) സ്ഥലത്ത് രക്ഷാപ്രവർത്തനം തുടരുകയാണ്.

നിലവിൽ സ്പെയിൻ, ഫ്രാൻസ്, പോർച്ചുഗൽ എന്നീ രാജ്യങ്ങളിൽ താപനില 40 ഡിഗ്രി സെൽഷ്യസിനും മുകളിലാണ്. 1950-ന് ശേഷമുള്ള ഏറ്റവും ഉയർന്ന ശരാശരി താപനിലയാണ് കഴിഞ്ഞ ജൂൺ മാസത്തിൽ സ്പെയിനിൽ രേഖപ്പെടുത്തിയത്. രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ താപനില 42 ഡിഗ്രി സെൽഷ്യസ് വരെ ഉയർന്നേക്കാമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകുന്നുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here

Latest News