യുദ്ധം കേവലം അതിർത്തികളിൽ അവസാനിക്കുന്നില്ലെന്ന് തെളിയിക്കുകയാണ് റഷ്യൻ തടവറകളിൽ നിന്നുള്ള വിവരങ്ങൾ. റഷ്യൻ ജയിലുകളിൽ കഴിയുന്ന യുക്രേനിയൻ സൈനികരെയും സാധാരണക്കാരെയും ‘നായ്ക്കളെപ്പോലെ’ തല്ലിച്ചതയ്ക്കുകയും മനുഷ്യത്വരഹിതമായി പീഡിപ്പിക്കുകയും ചെയ്യുന്നുവെന്ന ഞെട്ടിക്കുന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തുവരുന്നത്. റഷ്യയിൽ നിന്ന് പലായനം ചെയ്ത മുൻ ജയിൽ ഉദ്യോഗസ്ഥർ തന്നെ ഈ ക്രൂരതകൾ വെളിപ്പെടുത്തിയതോടെ ലോകം അക്ഷരാർഥത്തിൽ ഞെട്ടിയിരിക്കുകയാണ്.
ചികിത്സ നിഷേധിച്ചുള്ള കൊലപാതകങ്ങൾ
റഷ്യൻ തടവറയിലെ ക്രൂരതയ്ക്ക് ഇരയായ ഒരു യുവ ലഫ്റ്റനന്റിന്റെ കഥ ഇതിൽ ഏറ്റവും ദാരുണമാണ്. റഷ്യൻ ജയിലർമാരുടെ ചോദ്യത്തിന് മറുപടി പറഞ്ഞതിനാണ് ആ യുവാവിനെ അവർ മർദ്ദിച്ച് അവശനാക്കിയത്. ക്രൂരമായ മർദ്ദനമേറ്റ് ശരീരമാസകലം മുറിവുകളുണ്ടായിട്ടും ചികിത്സ നൽകാൻ അധികൃതർ തയ്യാറായില്ല. ഒടുവിൽ ശരീരം അഴുകി 2022 ഒക്ടോബറിൽ ആ യുവാവ് മരണത്തിന് കീഴടങ്ങി. അടയാളപ്പെടുത്താത്ത ഏതോ ശവക്കുഴിയിൽ ആ പേരും സ്വപ്നങ്ങളും റഷ്യൻ അധികൃതർ കുഴിച്ചുമൂടി. ഇത്തരത്തിൽ ചികിത്സ നിഷേധിക്കപ്പെട്ട് പല യുക്രേനികളും ഇന്ന് റഷ്യൻ മണ്ണിലുറങ്ങുന്നുണ്ട്.
തടവറയിലെ ഓരോ അനുഭവങ്ങൾ
മൂന്ന് വർഷത്തിലധികം റഷ്യൻ തടവിൽ കഴിഞ്ഞ ശേഷം മോചിതനായ യാരോസ്ലാവ് റുമിയാൻസേവ് എന്ന മുപ്പതുകാരനായ മുൻ യുക്രൈൻ സൈനികൻ തന്റെ അനുഭവം പങ്കുവെക്കുന്നത് ഇങ്ങനെയാണ്: “അവർ നിങ്ങളിൽ നിന്ന് എല്ലാം കവർന്നെടുക്കും. നിങ്ങളുടെ ചിന്താഗതികളെ മാറ്റാൻ അവർക്ക് സാധിക്കും. ആരും നിങ്ങളെ കാത്തിരിക്കുന്നില്ലെന്നും നിങ്ങൾ ഒറ്റപ്പെട്ടുവെന്നും അവർ നിങ്ങളെ വിശ്വസിപ്പിക്കും. “ശാരീരികമായ പരിക്കുകളേക്കാൾ ആഴത്തിലുള്ളതാണ് ഇത്തരം മാനസിക മുറിവുകളെന്ന് അദ്ദേഹം സാക്ഷ്യപ്പെടുത്തുന്നു. യുക്രൈൻ പ്രോസിക്യൂട്ടർ ഓഫീസിന്റെ കണക്കുകൾ പ്രകാരം കഴിഞ്ഞ നാല് വർഷത്തിനിടയിൽ 143 യുക്രൈൻ തടവുകാരാണ് റഷ്യൻ ജയിലുകളിൽ വെച്ച് കൊല്ലപ്പെട്ടത്. ഇതിൽ ആറ് സാധാരണക്കാരും ഉൾപ്പെടുന്നു. 2014-ൽ കിഴക്കൻ യുക്രൈനിൽ സംഘർഷം ആരംഭിച്ചത് മുതൽ തടവുകാർക്കെതിരെയുള്ള അതിക്രമങ്ങൾ നിലവിലുണ്ടെങ്കിലും, 2022-ലെ റഷ്യൻ അധിനിവേശത്തിന് ശേഷം ഇതിന്റെ തീവ്രത പതിന്മടങ്ങ് വർദ്ധിച്ചതായി യുക്രൈൻ അധികൃതർ പറയുന്നു.
എത്ര വേണമെങ്കിലും മർദ്ദിക്കാം, ആരും ചോദിക്കില്ല
റഷ്യൻ അധിനിവേശത്തിന് ശേഷം തടവിലാക്കപ്പെട്ട യുക്രൈൻ തടവുകാരോട് ജയിൽ അധികൃതർ കാട്ടുന്ന ക്രൂരതകൾക്ക് പിന്നിൽ ഉന്നത ഉദ്യോഗസ്ഥരുടെ മൗനാനുവാദമുണ്ടെന്ന് മുൻ ഉദ്യോഗസ്ഥൻ വെളിപ്പെടുത്തുന്നു. റഷ്യയുടെ ജയിൽ സ്പെഷ്യൽ ഫോഴ്സ് (spetsnaz) അംഗമായിരുന്ന സെർജി (യഥാർത്ഥ പേരല്ല) ആണ് ഈ ഞെട്ടിക്കുന്ന വിവരങ്ങൾ പങ്കുവെച്ചത്. “ആദ്യ ദൗത്യത്തിന് മുൻപ് ഞങ്ങളുടെ ഗ്രൂപ്പ് തലവൻ എല്ലാ ജീവനക്കാരെയും വിളിച്ചുകൂട്ടി ഒരു കാര്യം വ്യക്തമാക്കി: യുദ്ധത്തടവുകാരോട് ഇടപഴകുമ്പോൾ നിലവിലുള്ള നിയമങ്ങളൊന്നും ഇനി ബാധകമല്ല,” സെർജി പറയുന്നു. ശാരീരികമായി എത്രത്തോളം മർദ്ദിക്കാമെന്ന കാര്യത്തിൽ തങ്ങൾക്ക് അനിയന്ത്രിതമായ അധികാരം നൽകിയിരുന്നതായും അദ്ദേഹം വെളിപ്പെടുത്തി. എന്തുചെയ്താലും ആരും ഉത്തരവാദിത്തം ചോദിക്കില്ലെന്നും ‘ഒന്നിനെയും പേടിക്കാതെ ക്രൂരമായി പെരുമാറിക്കോളൂ’ എന്നുമാണ് തങ്ങൾക്ക് ലഭിച്ച നിർദ്ദേശം എന്നും അദ്ദേഹം പറയുന്നു.
22,000-ത്തിലധികം പേർ അഴികൾക്കുള്ളിൽ
നിലവിലെ കണക്കുകൾ ഏകദേശം 7,000 യുക്രൈൻ സൈനികർ നിലവിൽ റഷ്യയുടെ കസ്റ്റഡിയിലുണ്ടെന്ന് പ്രസിഡന്റ് വോളോഡിമർ സെലൻസ്‌കി വ്യക്തമാക്കുന്നു. 15,378 സാധാരണക്കാരെ റഷ്യ “നിയമവിരുദ്ധമായി തടഞ്ഞുവെച്ചിരിക്കുകയാണെന്ന്” യുക്രൈൻ മനുഷ്യാവകാശ ഓഫീസ് റിപ്പോർട്ട് ചെയ്യുന്നു. സൈനികരും സാധാരണക്കാരുമുൾപ്പെടെ 22,000-ത്തിലധികം മനുഷ്യരാണ് റഷ്യൻ തടവറകളിൽ നരകയാതന അനുഭവിക്കുന്നത്.
സ്റ്റാലിന്റെ കാലത്തെ ‘ഗുലാഗ്’ തടവറകളെ അനുസ്മരിപ്പിക്കുന്ന വിധത്തിലാണ് ഇന്നും റഷ്യൻ ജയിലുകൾ പ്രവർത്തിക്കുന്നത്. മോചിപ്പിക്കപ്പെട്ട് തിരിച്ചെത്തുന്ന യുക്രൈൻ സൈനികർ എല്ലും തോലുമായ നിലയിലാണുള്ളത് എന്നത് തന്നെ ഈ പട്ടിണിയുടെയും പീഡനത്തിന്റെയും തെളിവാണ്. ഈ ക്രൂരതകൾക്കെതിരെ ലോകം കണ്ണടയ്ക്കുമ്പോൾ, ആയിരക്കണക്കിന് മനുഷ്യജീവനുകൾ തടവറകളിൽ എരിഞ്ഞടങ്ങുകയാണ്.

