സുഡാനിലെ ഡാർഫർ മേഖലയിൽ അരങ്ങേറിയ വംശഹത്യയിലും യുദ്ധക്കുറ്റകൃത്യങ്ങളിലും പാരാമിലിറ്ററി വിഭാഗമായ റാപ്പിഡ് സപ്പോർട്ട് ഫോഴ്‌സിന്റെ (ആർഎസ്എഫ്) ഉന്നത നേതാക്കൾക്ക് നേരിട്ട് പങ്കുണ്ടെന്ന് തെളിയിക്കുന്ന നിർണായക വിവരങ്ങൾ ലഭിച്ചതായി അന്താരാഷ്ട്ര ക്രിമിനൽ കോടതി (ICC). ഐസിസിയുടെ ഡെപ്യൂട്ടി ചീഫ് പ്രോസിക്യൂട്ടർ നസഹത് ഷമീം ഖാനാണ് ബിബിസിക്ക് നൽകിയ അഭിമുഖത്തിൽ ഇക്കാര്യം വ്യക്തമാക്കിയത്.
അൽ-ഫാഷർ, അൽ-ജെനൈന എന്നീ നഗരങ്ങളിൽ നടന്ന കൂട്ടക്കൊലകളെക്കുറിച്ച് കോടതി നടത്തുന്ന അന്വേഷണത്തിൽ ഇതൊരു വലിയ നാഴികക്കല്ലാണെന്ന് നസഹത് ഖാൻ പറഞ്ഞു. “പ്രദേശത്ത് സംഭവിച്ച ക്രൂരതകളും കൂട്ടക്കൊലകളും ആസൂത്രണം ചെയ്യുകയും നടപ്പിലാക്കാൻ നേതൃത്വം നൽകുകയും ചെയ്ത നിർണായക വ്യക്തികളിലേക്ക് വിരൽചൂണ്ടുന്ന ശക്തമായ തെളിവുകൾ കോടതിക്ക് ശേഖരിക്കാൻ സാധിച്ചിട്ടുണ്ട്,” എന്ന് ഐസിസി പ്രോസിക്യൂട്ടർ വെളിപ്പെടുത്തി.
കഴിഞ്ഞ വർഷം ഒക്ടോബറിൽ അൽ-ഫാഷർ നഗരം ആർഎസ്എഫ് വളഞ്ഞുപിടിച്ചപ്പോൾ മാത്രം 6,000-ത്തിലധികം സാധാരണക്കാരാണ് കൊല്ലപ്പെട്ടതെന്ന് ഐക്യരാഷ്ട്രസഭ വ്യക്തമാക്കുന്നു. സമാനമായ ആക്രമണങ്ങളാണ് അൽ-ജെനൈനയിലും നടന്നത്. നിയമവിരുദ്ധമായ തടങ്കലിൽ വെയ്ക്കൽ, വംശീയമായ വേർതിരിവ്, ബലാത്സംഗം ഉൾപ്പെടെയുള്ള ലൈംഗിക അക്രമങ്ങൾ എന്നിവയാണ് പ്രധാനമായും ഐസിസി അന്വേഷിക്കുന്നത്.

