Saturday, June 27, 2026

സർക്കാർ ജീവനക്കാർക്ക് സ്മാർട്ട്‌ഫോൺ വിലക്കി താലിബാൻ; ലംഘിച്ചാൽ ഫോൺ തല്ലിത്തകർക്കും, കടുത്ത ശിക്ഷ

അഫ്ഗാനിസ്ഥാനിലെ താലിബാൻ, സർക്കാർ സിവിൽ സർവീസ് ജീവനക്കാർക്കും സൈനിക ഉദ്യോഗസ്ഥർക്കും സ്മാർട്ട്‌ഫോൺ ഉപയോഗിക്കുന്നതിന് രാജ്യവ്യാപകമായി നിരോധനം ഏർപ്പെടുത്തി. വിവരസാങ്കേതികവിദ്യ വിലക്കുന്നതിലൂടെ പൊതുജനങ്ങൾക്ക് വിവരങ്ങൾ ലഭ്യമാകുന്നത് തടയാനും നിയന്ത്രണങ്ങൾ കടുപ്പിക്കാനുമുള്ള താലിബാന്റെ നീക്കമാണിതെന്ന് മനുഷ്യാവകാശ പ്രവർത്തകർ മുന്നറിയിപ്പ് നൽകുന്നു.

താലിബാന്റെ മിലിട്ടറി കോടതി പുറപ്പെടുവിച്ച ഉത്തരവ് പ്രകാരം ജൂൺ 16 മുതൽ ജഡ്ജിമാർ ഉൾപ്പെടെയുള്ള എല്ലാ സിവിൽ-സൈനിക സ്ഥാപനങ്ങളിലെയും ഉദ്യോഗസ്ഥർ സ്മാർട്ട്‌ഫോണുകൾ ഉപയോഗിക്കാൻ പാടില്ല. ഈ നിയമം ലംഘിക്കുന്നവരുടെ മൊബൈൽ ഫോണുകൾ പരസ്യമായി തല്ലിത്തകർക്കുമെന്നും ഇതിന് പുറമെ ഇവർ നിയമപ്രകാരമുള്ള കടുത്ത ശിക്ഷാനടപടികൾ നേരിടേണ്ടി വരുമെന്നും ഉത്തരവിൽ വ്യക്തമാക്കുന്നു. പഞ്ച്ഷീർ പ്രവിശ്യാ ഗവർണർ തന്റെ കീഴിലുള്ള എല്ലാ സർക്കാർ ഓഫീസുകളിലും ഈ നിരോധനം ഉടനടി നടപ്പിലാക്കാൻ ഉത്തരവിട്ടിട്ടുണ്ട്. എന്നാൽ ഈ വിഷയത്തിൽ ഔദ്യോഗികമായി പ്രതികരിക്കാൻ താലിബാൻ ഭരണകൂടം തയ്യാറായിട്ടില്ല.

പുതിയ നിരോധനം അഫ്ഗാനിസ്ഥാനിലെ സർക്കാർ ഓഫീസുകളുടെ പ്രവർത്തനത്തെ ദോഷകരമായി ബാധിച്ചതായി ജീവനക്കാർ സാക്ഷ്യപ്പെടുത്തുന്നു. ഔദ്യോഗിക ആശയവിനിമയങ്ങൾ, ഇമെയിലുകൾ, വാട്സാപ്പ് വഴിയുള്ള വിവരക്കൈമാറ്റങ്ങൾ എന്നിവയെല്ലാം സ്മാർട്ട്‌ഫോൺ വഴിയാണ് നടന്നിരുന്നത്. പെട്ടെന്നുള്ള നിരോധനം കാരണം ഭൂരിഭാഗം ഭരണപരമായ നടപടികളും നിലവിൽ പൂർണ്ണമായും സ്തംഭിച്ച അവസ്ഥയിലാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

Latest News