1893 ജൂൺ ഏഴിനായിരുന്നു മഹാത്മാഗാന്ധിയുടെ ജീവിതത്തെ മാറ്റിമറിച്ച നിർണ്ണായക സംഭവമുണ്ടായത്. ദക്ഷിണാഫ്രിക്കയിൽ വച്ചായിരുന്നു അത് നടന്നത്. അവിടെ അഭിഭാഷകനായി ജോലിചെയ്തിരുന്ന ഗാന്ധി ട്രെയിനിൽ യാത്രചെയ്യവെ നിറത്തിന്റെപേരിൽ ട്രെയിനിൽനിന്ന് പുറത്താക്കപ്പെടുകയായിരുന്നു. ഇക്കാരണത്താൽ ഇന്ത്യയിലേക്കു തിരിച്ചുപോരാനിരുന്ന ഗാന്ധി ആ യാത്ര വൈകിപ്പിക്കുകയും ആഫ്രിക്കയിലുള്ള ഇന്ത്യക്കാരുടെ അവകാശങ്ങൾക്കായി ക്യാമ്പെയ്നുകളും നിയമപോരാട്ടങ്ങളും ആരംഭിക്കുകയും ചെയ്തു. അവിടെനിന്നാണ് സത്യഗ്രഹത്തിന്റെ പാഠങ്ങൾ അദ്ദേഹം അഭ്യസിച്ചത്. 2011 ൽ ഗാന്ധിയുടെ നൂറ്റിനാൽപത്തിരണ്ടാം ജന്മദിനത്തിൽ അദ്ദേഹത്തെ ട്രെയിനിൽനിന്നു പുറത്താക്കിയ സ്റ്റേഷന് ഗാന്ധിയുടെ പേരുനൽകി ദക്ഷിണാഫ്രിക്ക അദ്ദേഹത്തെ ആദരിച്ചു.
ലോകത്തിലെ ഏറ്റവും ചെറിയ രാജ്യമായ വത്തിക്കാൻ സിറ്റി ഒരു സ്വതന്ത്രരാഷ്ട്രമായി മാറിയത് 1929 ജൂൺ ഏഴിനാണ്. ലാറ്ററൻ ഉടമ്പടിപ്രകാരമായിരുന്നു അത്. ഇറ്റലിയുടെ ഭരണാധികാരിയായിരുന്ന ബെനിറ്റോ മുസോളിനിയും പേപ്പസിയുടെ സെക്രട്ടറി ഓഫ് സ്റ്റേറ്റായിരുന്ന കർദിനാൾ പിയെത്രോ ഗാസ്പാരിയും അതേവർഷം ഫെബ്രുവരി 11 ന് ഒപ്പുവച്ച ഉടമ്പടി ഇറ്റാലിയൻ പാർലമെന്റ് അംഗീകരിച്ചത് ജൂൺ ഏഴിനായിരുന്നു. സ്റ്റേറ്റ് ഓഫ് ദി വത്തിക്കാൻ സിറ്റി എന്നാണ് ഈ രാജ്യം ഔദ്യോഗികമായി അറിയപ്പെടുന്നത്. 0.44 ചതുരശ്ര കിലോമീറ്റർ മാത്രം വിസ്തീർണമുള്ള ഈ രാജ്യത്തിന്റെ തലവൻ മാർപാപ്പയാണ്. വത്തിക്കാൻ കൊട്ടാരമാണ് രാജ്യതലവന്റെ വസതി.
1975 ജൂൺ ഏഴിനാണ് ആദ്യത്തെ ക്രിക്കറ്റ് ലോകകപ്പ് ആരംഭിച്ചത്. ഇംഗ്ലണ്ടിൽ വച്ചായിരുന്നു മത്സരം. ഓസ്ട്രേലിയ, ഇംഗ്ലണ്ട്, ഇന്ത്യ, ന്യൂസിലാന്റ്, പാക്കിസ്ഥാൻ, വെസ്റ്റ് ഇൻഡീസ്, ശ്രീലങ്ക, ഈസ്റ്റ് ആഫ്രിക്ക എന്നീ എട്ടു രാജ്യങ്ങളാണ് ആദ്യ ലോകകപ്പിൽ പങ്കെടുത്തത്. ഒരു ടീമിന് 60 ഓവർ വീതമായിരുന്നു ഉണ്ടായിരുന്നത്. വെസ്റ്റ് ഇൻഡീസും ഓസ്ട്രേലിയയുമാണ് ഫൈനലിൽ ഏറ്റുമുട്ടിയത്. ഓസ്ട്രേലിയയുടെ 274 റൺസെടുത്തപ്പോൾ 291 റൺസെടുത്ത് വെസ്റ്റ് ഇൻഡീസ് ആദ്യത്തെ ലോകകപ്പ് വിജയിയായി. നാലുവർഷത്തിലൊരിക്കലാണ് ക്രിക്കറ്റ് ലോകകപ്പ് നടക്കുന്നത്. 1987 ലാണ് ഇംഗ്ലണ്ടിനു പുറത്തുവച്ച് ലോകകപ്പ് നടന്നത്. ഇന്ത്യയിലും പാക്കിസ്ഥാനിലുമായായിരുന്നു അത്. ഓവറുകളുടെ എണ്ണം 50 ആയി ചുരുക്കിയതും 1987 മുതലാണ്.