ഇറാൻ യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള വെടിനിർത്തൽ ചർച്ചകൾക്കായി പാക്കിസ്ഥാനിലേക്ക് അയക്കാനിരുന്ന യുഎസ് ഉന്നത പ്രതിനിധി സംഘത്തിന്റെ യാത്ര പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് റദ്ദാക്കി. ഇറാന്റെ പ്രതിനിധി സംഘം ഇസ്‌ലാമാബാദിൽ നിന്ന് മടങ്ങിയതിന് തൊട്ടുപിന്നാലെയാണ് ട്രംപിന്റെ ഈ നിർണ്ണായക പ്രഖ്യാപനം. പ്രത്യേക പ്രതിനിധി സ്റ്റീവ് വിറ്റ്‌കോഫ്, ട്രംപിന്റെ മരുമകൻ ജാറെദ് കുഷ്നർ എന്നിവരടങ്ങുന്ന സംഘമാണ് പാക്കിസ്ഥാനിലേക്ക് പോകാനിരുന്നത്.
ഇവർ പാക്കിസ്ഥാനിലേക്ക് പോകുന്നത് വെറും “സമയനഷ്ടം” മാത്രമാണെന്ന് ട്രംപ് പറഞ്ഞു. ഇറാനുമായി സംസാരിക്കാൻ അമേരിക്ക തയ്യാറാണെന്നും എന്നാൽ അതിനായി അവർ തങ്ങളെ ഫോണിൽ വിളിച്ചാൽ മാത്രം മതിയെന്നും ട്രംപ് വ്യക്തമാക്കി.
“എല്ലാ കരുക്കളും ഞങ്ങളുടെ കൈവശമാണ്, അവരുടെ പക്കൽ ഒന്നുമില്ല. അവർക്ക് സംസാരിക്കണമെന്നുണ്ടെങ്കിൽ ഞങ്ങളെ ഫോണിൽ വിളിച്ചാൽ മാത്രം മതി” എന്ന് ട്രംപ് തന്റെ ട്രൂത്ത് സോഷ്യൽ പ്ലാറ്റ്‌ഫോമിൽ കുറിച്ചു. യാത്ര റദ്ദാക്കിയത് യുദ്ധം വീണ്ടും തുടങ്ങാനാണോ എന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് “അല്ല, അതിനെക്കുറിച്ച് ഞങ്ങൾ ഇതുവരെ ചിന്തിച്ചിട്ടില്ല” എന്ന് ട്രംപ് മറുപടി നൽകി.

