Friday, June 26, 2026

ഇറാനിലെ ആണവനിലയങ്ങളിൽ പരിശോധന നടത്തുമെന്ന് യു. എൻ. ആണവ മേധാവി

അമേരിക്കയുമായുള്ള പ്രാഥമിക സമാധാന കരാറിന്റെ ഭാഗമായി അന്താരാഷ്ട്ര ആണവ ഊർജ്ജ ഏജൻസി (IAEA) ഇറാനിലെ ആണവനിലയങ്ങളിൽ പരിശോധന നടത്തുമെന്ന് യു. എൻ. ആണവ മേധാവി റാഫേൽ ഗ്രോസി അറിയിച്ചു. ജപ്പാനിൽ വാർത്താസമ്മേളനത്തിൽ സംസാരിക്കവെയാണ് ഐ.എ.ഇ.എ ഡയറക്ടർ ജനറൽ റാഫേൽ ഗ്രോസി ഇക്കാര്യം വ്യക്തമാക്കിയത്.

“പരിശോധനകൾ എന്തായാലും നടക്കും. ഇതിന്റെ തീയതികൾ, നടപടിക്രമങ്ങൾ, പരിശോധന നടത്തേണ്ട സ്ഥലങ്ങൾ എന്നിവയെക്കുറിച്ചുള്ള കാര്യങ്ങളിൽ ഞങ്ങൾ ഉടൻ തന്നെ തീരുമാനമെടുക്കും,” ഗ്രോസി പറഞ്ഞു. ഇറാൻ സമ്പുഷ്ടീകരിച്ച യുറേനിയത്തിന്റെ അളവ് കുറയ്ക്കുന്നത് ഐ.എ.ഇ.എയുടെ മേൽനോട്ടത്തിലായിരിക്കുമെന്ന് കഴിഞ്ഞ ആഴ്ച ഒപ്പുവെച്ച കരാറിൽ വ്യക്തമായി പറയുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

എന്നാൽ, യുദ്ധത്തിൽ കേടുപാടുകൾ സംഭവിച്ച ആണവനിലയങ്ങളിലേക്കും ആണവ സാമഗ്രികളിലേക്കും ഉള്ള പ്രവേശനം അമേരിക്കയുമായുള്ള അന്തിമ കരാറിന്റെ അടിസ്ഥാനത്തിൽ മാത്രമേ അനുവദിക്കൂ എന്ന് ഇറാന്റെ ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി വ്യക്തമാക്കിയിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here

Latest News