ഹോർമുസ് കടലിടുക്കിലൂടെയുള്ള അന്താരാഷ്ട്ര കപ്പൽ ഗതാഗതത്തിന്റെ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി ഇറാന് നേരെ വീണ്ടും ശക്തമായ വ്യോമാക്രമണം നടത്തി അമേരിക്കൻ സൈന്യം. ഇതിന് പിന്നാലെ, ഇരു രാജ്യങ്ങളും തമ്മിൽ നിലനിന്നിരുന്ന താൽക്കാലിക സമാധാന കരാർ അവസാനിച്ചതായി യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ചു.
ഹോർമുസ് കടലിടുക്കിലൂടെ സഞ്ചരിച്ചിരുന്ന മൂന്ന് ചരക്കുകപ്പലുകൾക്ക് നേരെ ഉണ്ടായ ആക്രമണത്തിന് തിരിച്ചടിയായാണ് അമേരിക്ക പുതിയ ആക്രമണം അഴിച്ചുവിട്ടത്. ഇറാന്റെ തെക്കൻ തീരപ്രദേശങ്ങളിലെ പ്രമുഖ നഗരങ്ങളെ ലക്ഷ്യമിട്ട് നടത്തിയ ഈ ആക്രമണങ്ങളിൽ പലയിടത്തും വൈദ്യുതി ബന്ധം പൂർണ്ണമായി വിച്ഛേദിക്കപ്പെട്ടു.
അന്താരാഷ്ട്ര സമുദ്രപാതയിലൂടെ സഞ്ചരിക്കുന്ന വാണിജ്യ കപ്പലുകൾക്ക് നേരെ ഇറാൻ നടത്തുന്ന കടന്നുകയറ്റങ്ങൾ തടയാനും അവരുടെ ഭീഷണി ഇല്ലാതാക്കാനുമാണ് ആക്രമണം നടത്തുന്നതെന്ന് യു. എസ് സെൻട്രൽ കമാൻഡ് (CENTCOM) സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമിലൂടെ വ്യക്തമാക്കി. “ഇത് കപ്പലുകൾക്ക് നേരെ ഇറാൻ നടത്തിയ ആക്രമണത്തിനുള്ള തിരിച്ചടിയാണ്. അവർ ഇത് തുടർന്നാൽ പ്രത്യാഘാതം ഇതിലും രൂക്ഷമായിരിക്കും,” എന്ന് ട്രംപും ട്രൂത്ത് സോഷ്യലിൽ കുറിച്ചു. ചർച്ചകളെക്കുറിച്ചുള്ള ചോദ്യത്തിന്, “എന്നെ സംബന്ധിച്ചിടത്തോളം ഈ കരാർ അവസാനിച്ചു, ഇനി അവരുമായി ചർച്ച നടത്താൻ താല്പര്യമില്ല” എന്നും അദ്ദേഹം നാറ്റോ ഉച്ചകോടിക്ക് മുന്നോടിയായി പ്രതികരിച്ചു.

