പശ്ചിമ ഡാർഫർ മേഖലയിൽ വംശഹത്യ, യുദ്ധക്കുറ്റങ്ങൾ, മാനവികതയ്‌ക്കെതിരായ കുറ്റകൃത്യങ്ങൾ എന്നിവ ആരോപിക്കപ്പെട്ട്, സുഡാനിലെ പാരമിലിറ്ററി വിഭാഗമായ റാപ്പിഡ് സപ്പോർട്ട് ഫോഴ്‌സ് (RSF) മേധാവി മുഹമ്മദ് ഹംദാൻ ദഗലോയ്ക്ക് സുഡാൻ കോടതി വധശിക്ഷ വിധിച്ചു. സുഡാൻ സൈന്യത്തിന്റെ നിയന്ത്രണത്തിലുള്ള പോർട്ട് സുഡാനിലെ പ്രത്യേക കോടതിയാണ് ഈ വിധി പ്രസ്താവിച്ചത്. ഹെമദ്തിയെക്കൂടാതെ ആർഎസ്എഫിലെ ഉന്നതരായ 15 മുതിർന്ന അംഗങ്ങൾക്കും വധശിക്ഷ വിധിച്ചിട്ടുണ്ട്.
2023 ജൂണിൽ പശ്ചിമ ഡാർഫൂർ സംസ്ഥാന ഗവർണർ ഖമീസ് അബ്ബാക്കറെ കൊലപ്പെടുത്തിയ കേസും, എൽ-ജെനൈന നഗരത്തിൽ നടന്ന ക്രൂരമായ ആക്രമണങ്ങളുമാണ് വിചാരണയുടെ പ്രധാന വിഷയം. ഹെമദ്തിയുടെ സഹോദരനും ഡെപ്യൂട്ടി കമാൻഡറുമായ അബ്ദൽറഹീം ഹംദാൻ ദഗലോ, സഹോദരൻ അൽ-ഖോനി ഹംദാൻ ദഗലോ, ആർ.എസ്.എഫിന്റെ വെസ്റ്റ് ഡാർഫൂർ കമാൻഡർ അബ്ദുൾ റഹ്മാൻ ജുമാ ബർക്കല്ല എന്നിവരും ഉൾപ്പെടുന്നു.
സാധാരണക്കാർക്ക് നേരെ സൈനിക ആക്രമണം നടത്തൽ, വ്യാപകമായ കൊള്ള, സ്‌കൂളുകൾ, ആരാധനാലയങ്ങൾ, റെസിഡൻഷ്യൽ ഏരിയകൾ എന്നിവ ലക്ഷ്യമിട്ടുള്ള ആക്രമണങ്ങൾ എന്നിവയിൽ പ്രതികൾ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി.

