Wednesday, July 29, 2026

1,700 വർഷം പഴക്കമുള്ള പുരാതന ക്രിസ്ത്യൻ നഗരം ഈജിപ്തിൽ കണ്ടെത്തി

​ഈജിപ്തിലെ പടിഞ്ഞാറൻ മരുഭൂമിയിലുള്ള ദഖ്ല ഒയാസിസിലെ (Dakhla Oasis) ഐൻ അൽ-സബീൽ പുരാവസ്തു കേന്ദ്രത്തിൽ നിന്ന് ഗവേഷകർ 1,700 വർഷത്തോളം പഴക്കമുള്ള ക്രിസ്ത്യൻ നഗരം കണ്ടെത്തി. ബൈസന്റൈൻ കാലഘട്ടത്തിലെ ഈ നഗരം ആദ്യകാല ക്രിസ്തീയ സമൂഹത്തിന്റെ ജീവിതരീതിയെക്കുറിച്ചുള്ള അപൂർവ്വങ്ങളായ വിവരങ്ങളാണ് പുറത്തു കൊണ്ടുവരുന്നത്.

ഇതിലെ ​പ്രധാന കണ്ടെത്തലുകളിൽ ഒന്ന് ഒരു ​ബസിലിക്ക പള്ളിയാണ്. നഗരത്തിന്റെ മധ്യഭാഗത്തായി നാലാം നൂറ്റാണ്ടിലെ ബസിലിക്ക പള്ളിയും, ഇതിനു മുൻപ് ആരാധനയ്ക്കായി ഉപയോഗിച്ചിരുന്നെന്ന് കരുതുന്ന ഒരു വീടും കണ്ടെത്തിയിട്ടുണ്ട്. തെക്കുവടക്കായും കിഴക്കുപടിഞ്ഞാറായും കൃത്യമായ പ്ലാനിംഗോടെ നിർമ്മിച്ച തെരുവുകൾ, പൊതു ചതുരങ്ങൾ, മൺ ഇഷ്ടികകൾ കൊണ്ട് നിർമ്മിച്ച വീടുകൾ, കാവൽ ഗോപുരങ്ങൾ, പ്രതിരോധ കോട്ട എന്നിവയും കണ്ടെത്തിയ പുരാതന നഗരത്തിലുണ്ട്. ഈജിപ്തിലെ സുപ്രീം കൗൺസിൽ ഓഫ് ആന്റിക്വിറ്റീസിലെ ഇസ്ലാമിക്, കോപ്റ്റിക്, ജൂയിഷ് ആന്റിക്വിറ്റീസ് വിഭാഗം തലവനായ ദിയാ സഹ്രാൻ (Diaa Zahran) പറഞ്ഞത്, ഈ ജനവാസകേന്ദ്രം “വളരെ ആസൂത്രിതമായ ഒരു നഗരരൂപകൽപ്പനയിലാണ്” നിർമ്മിച്ചിരുന്നത് എന്നാണ്.

വ്യാപാര ഇടപാടുകളും കത്തുകളും ദൈനംദിന ജീവിതത്തിലെ വിവരങ്ങളും രേഖപ്പെടുത്തിയ, കോപ്റ്റിക്-ഗ്രീക്ക് ഭാഷകളിൽ എഴുതിയ ഇരുനൂറോളം മൺപാത്രക്കഷണങ്ങൾ, ക്രിസ്തീയ ചിഹ്നങ്ങളുള്ള ബൈസന്റൈൻ നാണയങ്ങൾ, വീട്ടുപകരണങ്ങൾ എന്നിവയും ഖനനത്തിലൂടെ കണ്ടെത്താൻ ഗവേഷകർക്ക് കഴിഞ്ഞിട്ടുണ്ട്.

​ഈജിപ്തിലെ പ്രമുഖ ക്രിസ്ത്യൻ പുരാവസ്തു കണ്ടെത്തലുകളുടെ പട്ടികയിലേക്ക് കൂട്ടിച്ചേർക്കപ്പെടുന്ന ഒന്നാണ് ഈ പുതിയ കണ്ടെത്തൽ. നാലാം നൂറ്റാണ്ടിലെ ആദ്യകാല സഭയുടെ വളർച്ചയിലേക്കും സംഘാടനത്തിലേക്കും ഇത് പുതിയ വെളിച്ചം വീശുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

Latest News