Friday, June 26, 2026

ചരിത്രത്തിൽ ഈ ദിനം: ജൂൺ 25

1947 ജൂൺ 25 നാണ് ആൻ ഫ്രാങ്കിന്റെ ഡയറിക്കുറിപ്പുകൾ പ്രസിദ്ധീകരിച്ചത്. ഹിറ്റ്ലറുടെ നേതൃത്വത്തിൽ ജർമ്മനി നടത്തിയ ജൂത വംശഹത്യയുടെ ഇരകളിലൊരാളായിരുന്നു കൗമാരക്കാരിയായിരുന്ന ആൻ ഫ്രാങ്ക്. 1933 ൽ ഹോളണ്ടിലേക്കു കുടിയേറിപ്പാർത്ത ആനിന്റെ കുടുംബം, ജർമ്മൻ പട്ടാളം ഹോളണ്ട് ആക്രമിച്ചപ്പോൾ ഒരു ഒളിസങ്കേതത്തിൽ അഭയം തേടുകയായിരുന്നു. നാസിപ്പടയെ ഭയന്ന് കുടുംബത്തോടൊപ്പം ഒളിവിൽകഴിയുമ്പോൾ ആൻ എഴുതിയ ഡയറിക്കുറിപ്പുകളാണ് 1947 ൽ പുസ്തകരൂപത്തിൽ പ്രസിദ്ധീകരിക്കപ്പെട്ടത്. രണ്ടാം ലോകമഹായുദ്ധത്തിന്റെയും ഹിറ്റ്ലർ നടത്തിയ വംശഹത്യയുടെയും ഭീകരത ലോകത്തിനുമുന്നിൽ വെളിവാക്കുന്ന ചരിത്രരേഖ കൂടിയാണ് ഈ പുസ്തകം. നാസി പീഡനത്തെ അതിജീവിച്ചവരിലൊരാളും ആൻ ഫ്രാങ്കിന്റെ പിതാവുമായ ഓട്ടോ ഫ്രാങ്കാണ് ഈ കുറിപ്പുകൾ ലോകത്തിനു മുന്നിലെത്തിച്ചത്. നിരവധി ഭാഷകളിലേക്കു തർജമ ചെയ്യപ്പെട്ട ആനിന്റെ കുറിപ്പുകൾ ഇന്ന് യുദ്ധകാല രചനകളിലെ ക്ലാസിക്കുകളിലൊന്നാണ്.

1975 ജൂൺ 25 നാണ് അന്നത്തെ ഇന്ത്യൻ പ്രസിഡന്റ് ഫക്രുദീൻ അലി അഹമ്മദ് രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. അതുകൊണ്ടാണ് ജൂൺ 25 ഇന്ത്യൻ ജനാധിപത്യത്തിലെ കറുത്ത ദിനം എന്നറിയപ്പെടുന്നത്. 1975 ജൂൺ 25 നും 1977 മാർച്ച് 21 നുമിടയിലുള്ള 21 മാസങ്ങളാണ് അടിയന്തരാവസ്ഥ കാലം എന്നറിയപ്പെടുന്നത്. രാജ്യത്തു നിലനിന്നിരുന്ന ആഭ്യന്തരകലാപത്തെ മുൻനിർത്തി അന്നത്തെ പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാഗാന്ധിയുടെ നിർദേശത്തെ തുടർന്നാണ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. അതോടെ ഇന്ത്യയിലെ സകല അധികാരങ്ങളും പ്രധാനമന്ത്രിയിൽ കേന്ദ്രീകൃതമായി. തിരഞ്ഞെടുപ്പുകൾ റദ്ദാക്കപ്പെട്ടു. പൗരന്മാരുടെ മൗലീകാവകാശങ്ങൾ അസാധുവായി. പത്രസ്വാതന്ത്ര്യം ഇല്ലാതായി. 1977 ൽ വീണ്ടും പൊതുതിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതുവരെ ഇന്ത്യൻജനതയ്ക്കു മേലുള്ള കടുത്ത നിയന്ത്രണങ്ങൾ തുടർന്നു.

ഇന്ത്യ ആദ്യമായി ക്രിക്കറ്റ് ലോകകപ്പിൽ മുത്തമിട്ടത് 1983 ജൂൺ 25 നായിരുന്നു. ലോർഡ്സിൽവച്ചു നടന്ന മത്സരത്തിൽ വെസ്റ്റ് ഇൻഡീസിനെ പരാജയപ്പെടുത്തിയാണ് ഇന്ത്യ ലോകകപ്പ് സ്വന്തമാക്കിയത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 183 റൺസിന് ഓൾ ഔട്ടായെങ്കിലും വിൻഡീസിനെ 140 ൽ പിടിച്ചുകെട്ടി 43 റൺസിന്റെ വിജയം നേടുകയായിരുന്നു. കപിൽദേവിന്റെ ക്യാപ്റ്റൻസിയിൽ സുനിൽ ഗവാസ്കർ, കൃഷ്ണമാചാരി ശ്രീകാന്ത്, അമർനാഥ്, യഷ്പാൽ ശർമ, സന്ദീപ് പാട്ടീൽ, കീർത്തി അസാദ്, റോജർ ബിന്നി, മദൻ ലാൽ, സഈദ് കിർമാനി, ബി എസ് സന്ധു എന്നിവരാണ് ഇന്ത്യയ്ക്കുവേണ്ടി കളിക്കളത്തിലിറങ്ങിയത്. 60 ഓവറുകളുണ്ടായിരുന്ന കളിയിൽ 54.4 ഓവറുകളാണ് ഇന്ത്യ കളിച്ചത്. വിൻഡീസാകട്ടെ 52 ഓവറുകളും.

LEAVE A REPLY

Please enter your comment!
Please enter your name here

Latest News