Tuesday, June 23, 2026

ചരിത്രത്തിൽ ഈ ദിനം: ജൂൺ 23

ടൈപ്പ് റൈറ്റർ എന്ന പുതിയ കണ്ടെത്തലിന് പേറ്റന്റ് ലഭിക്കുന്നത് 1868 ജൂൺ 23 നാണ്. അമേരിക്കക്കാരനായ ക്രിസ്റ്റഫർ ലതാം ഷോൽസ് ആണ് ടൈപ്പ് റൈറ്റർ നിർമ്മിച്ചത്. 19-ാം നൂറ്റാണ്ടിൽ ഇത്തരം പല മെഷീനുകൾ കണ്ടെത്തിയിരുന്നെങ്കിലും അവ പിയാനോ പോലെ വലുതും എഴുതുന്നതിനെക്കാൾ കുറഞ്ഞ വേഗത്തിൽ മാത്രം ടൈപ്പ് ചെയ്യാവുന്നവയുമായിരുന്നു. എന്നാൽ ക്രിസ്റ്റഫർ 1868 ൽ പേറ്റന്റ് നേടിയ ടൈപ്പ് റൈറ്റർ ഉപയോഗിച്ച് പേനകൊണ്ട് എഴുതുന്നതിനെക്കാൾ വേഗത്തിൽ ടൈപ്പ് ചെയ്യാൻ കഴിയുമായിരുന്നു. ഇതാണ് ആദ്യത്തെ പ്രാക്ടിക്കൽ ടൈപ്പ് റൈറ്ററായി അറിയപ്പെടുന്നത്. തുടർന്നുവന്ന വർഷങ്ങളിൽ ക്രിസ്റ്റഫർ ഈ യന്ത്രത്തെ കൂടുതൽ മെച്ചപ്പെടുത്തുകയും ഇ. റെമിംഗ്ടൺ ആന്റ് സൺസ് കമ്പനിയുടെ സഹകരണത്തോടെ 1874 ൽ വിപണിയിലെത്തിക്കുകയും ചെയ്തു.

ലോകത്തിലെ ഏറ്റവും വലിയ കായികമത്സരമായ ഒളിമ്പിക്സിനു നേതൃത്വം നൽകുന്ന ഇന്റർനാഷണൽ ഒളിമ്പിക് കമ്മിറ്റി രൂപീകൃതമായത് 1894 ജൂൺ 23 നാണ്. 1894 ലെ പാരീസ് കോൺഗ്രസിൽവച്ചാണ് ഒളിമ്പിക്സിന്റെ നടത്തിപ്പ് കമ്മിറ്റിയെ ഏൽപിച്ചത്. സ്വിറ്റസർലണ്ടിലെ ലൗസാനെ ആസ്ഥാനമാക്കിയാണ് കമ്മിറ്റി പ്രവർത്തിക്കുന്നത്. ആധുനിക ഒളിമ്പിക്സിന്റെയും ഇന്റർനാഷണൽ ഒളിമ്പിക് കമ്മിറ്റിയുടെയും സ്ഥാപകനായി അറിയപ്പെടുന്നത് പിയറി കൗബെർട്ടിനാണ്. അദ്ദേഹത്തിനു പുറമെ 14 പേർ കൂടിയാണ് ആദ്യ ഒളിമ്പിക് കമ്മിറ്റിയിലുണ്ടായിരുന്നത്. 1999 ൽ പുതുക്കിയ മാർഗരേഖയനുസരിച്ച്, കമ്മിറ്റിയിലെ പരമാവധി അംഗങ്ങളുടെ എണ്ണം 115 ആണ്. അതിൽ 15 പേർ നിലവിലെ ഒളിമ്പിക് താരങ്ങളും 15 പേർ ദേശീയ ഒളിമ്പിക് കമ്മിറ്റി പ്രസിഡന്റുമാരും 15 പേർ അന്തർദേശീയ കായിക ഫെഡറേഷൻ പ്രസിഡന്റുമാരുമായിരിക്കണം എന്നാണ് ചട്ടം. എട്ടുവർഷമാണ് അംഗങ്ങളുടെ കാലാവധി.

ബ്രിട്ടണിൽ ബ്രെക്സിറ്റ് ജനഹിത പരിശോധന നടന്നത് 2016 ജൂൺ 23 നായിരുന്നു. 28 യൂറോപ്യൻ രാജ്യങ്ങളുടെ കൂട്ടായ്മയായ യൂറോപ്യൻ യൂണിയനിലെ അംഗത്വം ഉപേക്ഷിക്കുന്നതു സംബന്ധിച്ചായിരുന്നു ഹിതപരിശോധന. ജനഹിത പരിശോധനയിൽ 52% പേർ ബ്രിട്ടൺ യൂറോപ്യൻ യൂണിയൻ വിടണമെന്നു തീരുമാനിച്ചു. 48% പേർ ബ്രിട്ടൺ തുടരണമെന്നും വോട്ട് ചെയ്തു. ഇംഗ്ലണ്ട്, വെയിൽസ് എന്നിവിടങ്ങളിലുള്ളവർ ബ്രെക്സിറ്റിന് അനുകൂലമായി വോട്ട് ചെയ്തപ്പോൾ സ്കോട്ലൻഡ്, നോർതേൺ അയർലണ്ട് രാജ്യങ്ങൾ യൂണിയനിൽ തുടരണമെന്നാണ് തീരുമാനിച്ചത്. ഭൂരിപക്ഷ അഭിപ്രായവും നാലര വർഷത്തോളം നീണ്ട ചർച്ചകളിലൂടെ ഉരുത്തിരിഞ്ഞ തീരുമാനങ്ങളുമനുസരിച്ച് 2021 ജനുവരി ഒന്നിന് ബ്രിട്ടൻ, യൂറോപ്യൻ യൂണിയനോടു വിട പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here

Latest News