Thursday, July 9, 2026

ചരിത്രത്തിൽ ഈ ദിനം: ജൂലൈ 09

ഏഷ്യയിലെ ആദ്യ സ്റ്റോക് എക്സ്ചേഞ്ചായ ബോംബെ സ്റ്റോക് എക്സ്ചേഞ്ചിന്റെ തുടക്കം 1875 ജൂലൈ ഒൻപതിനായിരുന്നു. ബോംബെയിലെ ദല്ലാൾ തെരുവിൽ പ്രമുഖ വ്യവസായിയായിരുന്ന പ്രേംചന്ദ് റോയ്ചന്ദാണ് നേറ്റീവ് ഷെയർ ആന്റ് സ്റ്റോക് ബ്രോക്കേഴ്സ് അസോസിയേഷൻ സ്ഥാപിച്ചത്. ഇതാണ് പിന്നീട് ബോംബെ സ്റ്റോക് എക്സ്ചേഞ്ചായി മാറിയത്. 1957 ലെ സെ്ക്യൂരിറ്റീസ് കോണ്ട്രാക്ട്സ് റെഗുലേഷൻ നിയമം വഴി ഇത് സർക്കാർ അംഗീകൃതസ്ഥാപനമായി മാറി. ഇന്ന് ബി എസ് ഇ എന്ന ചുരുക്കപ്പേരിലാണ് ഇത് അറിയപ്പെടുന്നത്.

ഇന്ത്യയിലെ ആദ്യ പഞ്ചവത്സര പദ്ധതി പാർലമെന്റിൽ അവതരിപ്പിക്കപ്പെട്ടത് 1951 ജൂലൈ ഒൻപതിനായിരുന്നു. അന്നത്തെ പ്രധാനമന്ത്രിയായിരുന്ന ജവഹർലാൽ നെഹ്രുവാണ് ഇത് പാർലമെന്റിൽ അവതരിപ്പിച്ചത്. കാര്യക്ഷമമായ വിഭവവിനിയോഗത്തിനായി പ്ലാനിംഗ് കമ്മീഷൻ ഓഫ് ഇന്ത്യയാണ് പദ്ധതി രൂപവത്കരിച്ചത്. നെഹ്രു തന്നെയായിരുന്നു കമ്മീഷന്റെ ചെയർമാൻ. പ്രതിവർഷം ജി ഡി പി യിൽ 2.1% വർധനവാണ് പദ്ധതി ലക്ഷ്യംവച്ചതെങ്കിലും, 3.6%വളർച്ച കൈവരിക്കാൻ കഴിഞ്ഞു എന്നതാണ് ഒന്നാം പഞ്ചവത്സര പദ്ധതിയുടെ വിജയം.

ദക്ഷിണ സുഡാൻ ഒരു സ്വതന്ത്രരാഷ്ട്രമായി മാറിയത് 2011 ജൂലൈ ഒൻപതിനാണ്. സുഡാനിൽ നിന്ന് പിൻവാങ്ങിയതിനു ശേഷമാണ് രാജ്യത്തിന് ഈ പദവി ലഭിച്ചത്. ജൂബയാണ് ദക്ഷിണ സുഡാന്റെ തലസ്ഥാനം. പ്രത്യേക രാജ്യം വേണോ എന്ന് ഹിതപരിശോധനയിലൂടെയാണ് തീരുമാനമെടുത്തത്. ഇരുപതു ലക്ഷത്തിലേറെപ്പേരുടെ മരണത്തിനിടയാക്കിയ, ദശാബ്ദങ്ങൾ നീണ്ട സംഘർഷത്തെ തുടർന്നാണ് ഹിതപരിശോധന എന്ന തീരുമാനത്തിലെത്തിയത്. അതിൽ 99% പേരും പുതിയ രാജ്യത്തിനായി വോട്ടുചെയ്തതോടെയാണ് സുഡാൻ വിഭജിക്കപ്പെട്ടത്. റിപ്പബ്ലിക് ഓഫ് സൗത്ത് സുഡാൻ എന്നാണ് രാജ്യത്തിന്റെ ഔദ്യോഗിക നാമം.

LEAVE A REPLY

Please enter your comment!
Please enter your name here

Latest News