വെള്ളപ്പൊക്കവും ഉരുൾപൊട്ടലും മണ്ണിടിച്ചിലും ബാധിച്ച് ദുരിതത്തിലായ ഇന്ത്യയിലെ ആറു സംസ്ഥാനങ്ങൾക്ക് ആശ്വാസമായി 1,066 കോടിയിലധികം രൂപ അനുവദിച്ചതായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ഈ വർഷം പ്രളയം ബാധിച്ച അസം, മണിപ്പൂർ, മേഘാലയ, മിസോറം, കേരളം, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങൾക്കാണ് ദുരിതാശ്വാസമായി തുക അനുവദിക്കാൻ കേന്ദ്രസർക്കാർ അംഗീകാരം നൽകിയത്.
സംസ്ഥാന ദുരന്ത പ്രതികരണനിധിയുടെ (എസ് ഡി ആർ എഫ്) കേന്ദ്രവിഹിതത്തിൽ നിന്ന് ധനസഹായം വിതരണം ചെയ്യുമെന്നാണ് അറിയിപ്പിൽ പറയുന്നത്. മോദിസർക്കാർ സംസ്ഥാനങ്ങൾക്കൊപ്പം ഉറച്ചുനിൽക്കുന്നുവെന്ന് അമിത് ഷാ കൂട്ടിച്ചേർത്തു.
“എല്ലാ സാഹചര്യങ്ങളിലും മോദിസർക്കാർ സംസ്ഥാനങ്ങൾക്കൊപ്പം ഉറച്ചുനിൽക്കുന്നു. എസ് ഡി ആർ എഫ് നു കീഴിലുള്ള കേന്ദ്രവിഹിതത്തിന്റെ ഭാഗമായി അസം, മണിപ്പൂർ, മേഘാലയ, മിസോറാം, കേരളം, ഉത്തരാഖണ്ഡ് എന്നീ വെള്ളപ്പൊക്ക-ഉരുൾപൊട്ടൽ ബാധിത സംസ്ഥാനങ്ങൾക്ക് കേന്ദ്രസർക്കാർ 1066.80 കോടി രൂപ അനുവദിച്ചു” എന്ന് എക്സിലെ ഒരു പോസ്റ്റിൽ ഷാ എഴുതി. ഈ വർഷം 19 സംസ്ഥാനങ്ങൾക്ക് എസ് ഡി ആർ എഫ്/ എൻ ഡി ആർ എഫ് ഫണ്ടുകളിൽ നിന്ന് 8,000 കോടിയിലധികം രൂപ അനുവദിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

