Wednesday, July 15, 2026

ചരിത്രത്തിൽ ഈ ദിനം: ജൂലൈ 15

ബോംബെയിലെ ആദ്യ മോട്ടോർ ബസ് സർവീസ് ആരംഭിച്ചത് 1926 ജൂലൈ 15 നായിരുന്നു. അഫ്ഗാൻ ചർച്ചിൽ നിന്നും ക്രോഫോഡ് മാർക്കറ്റിലേക്കാണ് ബസ് സർവീസ് നടത്തിയത്. നാല് അണയായിരുന്നു യാത്രാക്കൂലി. ടാക്സിക്കാരുടെ പ്രതിഷേധങ്ങൾ ഉണ്ടായിരുന്നെങ്കിലും മുടക്കം കൂടാതെ സർവീസ് നടത്തിയ ബസ് ആദ്യത്തെ ഒരുവർഷം കൊണ്ട് ഏകദേശം ആറുലക്ഷം യാത്രക്കാരെയാണ് ലക്ഷ്യസ്ഥാനങ്ങളിലെത്തിച്ചത്. BEST എന്ന ചുരുക്കപ്പേരിൽ അറിയപ്പെട്ടിരുന്ന ബോംബെ ഇലക്ട്രിക് സപ്ലേ ആന്റ് ട്രാംവേയ്സ് കമ്പനിയാണ് ബസ് സർവീസ് നടത്തിയിരുന്നത്.

1965 ജൂലൈ 15 നാണ് മറൈനൻ 4 എന്ന ഉപഗ്രഹം ചൊവ്വ ഗ്രഹത്തിന്റെ ആദ്യ ക്ലോസപ്പ് ഫോട്ടോ ഭൂമിയിലേക്ക് അയച്ചത്. ഏതെങ്കിലുമൊരു ഗ്രഹത്തിന്റെ ക്ലോസപ്പ് ഫോട്ടോ എടുക്കുന്ന ആദ്യ ഉപഗ്രഹമായിരുന്നു മറൈനർ 4. എട്ടുമാസം യാത്രചെയ്താണ് ഈ ഉപഗ്രഹം ചൊവ്വയുടെ ഭ്രമണപഥത്തിലെത്തിയത്. ചൊവ്വയ്ക്കു സമീപത്തുകൂടെ ആദ്യം പറന്നപ്പോൾ 22 ചിത്രങ്ങളാണ് മറൈനർ പകർത്തിയത്. 4 ട്രാക്ക് ടേപ്പ് റെക്കോർഡറുകളിൽ സൂക്ഷിച്ച ഈ ചിത്രങ്ങൾ ഭൂമിയിലേക്ക് അയയ്ക്കാൻ നാലു ദിവസങ്ങളെടുത്തു.

ട്വിറ്റർ സേവനങ്ങൾ പൊതുജനങ്ങൾക്കായി ലഭ്യമാക്കിയത് 2006 ജൂലൈ 15 നായിരുന്നു. അതേവർഷം മാർച്ച് 21 നാണ് സ്ഥാപകരിലൊരാളായ ജാക്ക് ഡോർസെ ആദ്യ ട്വീറ്റ് ചെയ്യുന്നത്. ജസ്റ്റ് സെറ്റിംഗ് അപ് മൈ ട്വിറ്റർ എന്നായിരുന്നു ആദ്യ സന്ദേശം. അതിനുശേഷം ഏകദേശം നാലുമാസങ്ങൾ കഴിഞ്ഞാണ് പൂർണ്ണതോതിൽ വികസിപ്പിച്ച സോഷ്യൽ മീഡിയ പ്ലാറ്റ്ഫോം ആളുകൾക്ക് ഉപയോഗിക്കാനായി ലഭ്യമാക്കിയത്. 2007 ൽ ഒരു കോർപ്പറേറ്റ് സ്ഥാപനമായി രജിസ്റ്റർ ചെയ്യപ്പെട്ട ട്വിറ്ററിന്റെ ആദ്യ സി ഇ ഒ യും ഡോർസെ തന്നെയായിരുന്നു. ആപ്പിൾ പോഡ്കാസ്റ്റിനോടു മത്സരിക്കാനുള്ള ഒഡെയോ പോഡ്കാസ്റ്റിംഗിന്റെ ശ്രമമാണ് ട്വിറ്ററിന്റെ രൂപീകരണത്തിനു കാരണമായത്. ഇവാൻ വില്യംസ്, ബിസ് സ്റ്റോൺ എന്നിവരായിരുന്നു സഹസ്ഥാപകർ.

LEAVE A REPLY

Please enter your comment!
Please enter your name here

Latest News