Thursday, July 16, 2026

ചരിത്രത്തിൽ ഈ ദിനം: ജൂലൈ 16

1856 ജൂലൈ 16 നാണ് ഭാരതത്തിലെ ഹൈന്ദവ മതവിശ്വാസികളായ വിധവകൾക്ക് പുനർവിവാഹത്തിന് നിയമപരമായ അനുവാദം നൽകിക്കൊണ്ട് ഈസ്റ്റ് ഇന്ത്യാ കമ്പനി ഉത്തരവ് പുറപ്പെടുവിച്ചത്. അനാചാരങ്ങൾക്കെതിരെയുള്ള പോരാട്ടത്തിലെ നാഴികക്കല്ലുകളിൽ ഒന്നായിരുന്നു ഇത്. ഭർത്താവ് മരിച്ചാൽ ജീവിച്ചിരിക്കുന്ന ഭാര്യ ഭർത്താവിന്റെ ചിതയിൽ ചാടി ആത്മാഹൂതി നടത്തുന്ന ‘സതി’ എന്ന കിരാത ആചാരത്തിന്റെ പിടിയിൽനിന്നും ഹൈന്ദവസ്ത്രീകളെ മോചിപ്പിച്ചതിനുശേഷം നടപ്പിലാക്കിയതായിരുന്നു ഈ ഉത്തരവ്. വിധവ പുനർവിവാഹം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ബംഗാളിൽ നിന്നുള്ള ഈശ്വർ ചന്ദ്ര വിദ്യാസാഗറിന്റെ നേതൃത്വത്തിൽ തുടങ്ങിയ പോരാട്ടത്തിന്റെ ഫലമായാണ് വിധവ പുനർവിവാഹത്തിന് നിയാമസാധുത നൽകി ഈസ്റ്റ് ഇന്ത്യാ കമ്പനി ഉത്തരവിറക്കിയത്.

മനുഷ്യനെ ചന്ദ്രനിലെത്തിക്കുക എന്ന ഭൂമിയുടെ സ്വപ്നം സാക്ഷാത്കരിക്കാൻ നീൽ ആംസ്ട്രോഗ്, എഡ്വിൻ ആൽഡ്രിൻ, കോളിൻസ് എന്നീ യാത്രികരെയും വഹിച്ച് അപ്പോളോ 11 എന്ന ബഹിരാകാശ വാഹനം പറന്നുയർന്നത് 1969 ജൂലൈ 16 നായിരുന്നു. അമേരിക്കയിലെ കേപ്പ് കെന്നഡി ലോഞ്ചിംഗ് പാഡിൽ നിന്നാണ് അപ്പോളോ 11 വിക്ഷേപിച്ചത്. രണ്ടു പേടകങ്ങളുണ്ടായിരുന്നു യാത്രയിൽ. ഒന്ന് മൈക്കൽ കോളിൻസ് പറത്തിയ കൊളംബിയ എന്ന കമാൻഡ് മൊഡ്യൂൾ. രണ്ട്, അപ്പോളോ എന്ന ലൂണാർ മൊഡ്യൂൾ ഈഗിൾ. അതിന്റെ നിയന്ത്രണം നീൽ ആംസ്ട്രോങിനായിരുന്നു. മനുഷ്യനെ ചന്ദ്രനിലേക്ക് അയയ്‌ക്കാനുള്ള അമേരിക്കൻ ഉദ്യമങ്ങൾക്കു പിന്നിലെ ദീർഘദൃഷ്ടി ജോൺ എഫ് കെന്നഡിയുടേതായിരുന്നു.

പുലിസ്റ്റർ ജേതാവായ ഇന്ത്യൻ ഫോട്ടോഗ്രാഫർ ഡാനിഷ് സിദ്ദിഖി കൊല്ലപ്പെട്ടത് 2021 ജൂലൈ 16 നായിരുന്നു. റോയിട്ടേഴ്സ് ചിഫ് ഫോട്ടോഗ്രാഫറായിരുന്ന അദ്ദേഹം അഫ്ഗാൻ-താലിബാൻ ഏറ്റുമുട്ടലിന്റെ പശ്ചാത്തലത്തിൽ കാണ്ഡഹാറിലെ സ്പിൻ ബോൽദാക് ജില്ലയിലെ സംഘർഷാവസ്ഥ റിപ്പോർട്ട് ചെയ്യുന്നതിനിടെയാണ് കൊല്ലപ്പെട്ടത്. സിദ്ദിഖി ആയിരുന്നു റോയിട്ടേഴ്സിന്റെ ഇന്ത്യയിലെ മൾട്ടിമീഡിയ ടീമിനെ നയിച്ചിരുന്നത്. ഡാനിഷ് പകർത്തിയ രണ്ടാം കോവിഡ് തരംഗത്തിൽ കൊല്ലപ്പെട്ട മനുഷ്യരുടെ ചിതകൾ കൂട്ടത്തോടെ എരിയുന്ന ചിത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. 2018 ൽ റോഹിംഗ്യൻ അഭയാർഥികളുടെ ദുരിതം പകർത്തിയ റിപ്പോർട്ടുകൾക്കാണ് ഡാനിഷിന് പുലിറ്റ്സർ പുരസ്കാരം ലഭിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here

Latest News