ലോകത്ത് ഏറ്റവും കൂടുതൽ അവഗണിക്കപ്പെടുന്ന അഭയാർത്ഥി പ്രതിസന്ധികളുടെ പട്ടികയിൽ സുഡാൻ, ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ (DRC), കൊളംബിയ എന്നീ രാജ്യങ്ങൾ മുന്നിലെന്ന് പ്രമുഖ സന്നദ്ധ സംഘടനയായ നോർവീജിയൻ റഫ്യൂജി കൗൺസിൽ (NRC). വികസിത രാജ്യങ്ങൾ തങ്ങളുടെ ആഭ്യന്തര രാഷ്ട്രീയത്തിലേക്കും സൈനിക നവീകരണങ്ങളിലേക്കും ശ്രദ്ധ തിരിക്കുമ്പോൾ, ദശലക്ഷക്കണക്കിന് മനുഷ്യർ അനുഭവിക്കുന്ന ഈ വലിയ ദുരന്തങ്ങൾ ലോകം കാണാതെ പോകുകയാണെന്ന് എൻ. ആർ. സി തങ്ങളുടെ വാർഷിക റിപ്പോർട്ടിൽ കുറ്റപ്പെടുത്തി.
2023 മുതൽ രണ്ട് പ്രമുഖ ജനറൽമാർ തമ്മിലുള്ള അധികാര തർക്കത്തെത്തുടർന്ന് ആഭ്യന്തരയുദ്ധം രൂക്ഷമായ സുഡാനിലെ സ്ഥിതി അതീവ ഗുരുതരമാണ്. സുഡാനിൽ നിലവിൽ 90 ലക്ഷത്തിലധികം ആളുകൾ സ്വന്തം രാജ്യത്തിനകത്ത് തന്നെ അഭയാർത്ഥികളായി ജീവിക്കാൻ നിർബന്ധിതരായിട്ടുണ്ട്. കൂടാതെ 40 ലക്ഷത്തോളം സുഡാൻ പൗരന്മാർ ജീവരക്ഷാർത്ഥം അയൽരാജ്യങ്ങളിലേക്ക് പലായനം ചെയ്തു.
ദശാബ്ദങ്ങളായി തുടരുന്ന ആഭ്യന്തര സംഘർഷങ്ങൾക്ക് പുറമേ, കിഴക്കൻ മേഖലയിൽ പടർന്നുപിടിക്കുന്ന എബോള മഹാമാരിയും ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയെ കടുത്ത പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. തുടർച്ചയായി പത്താം വർഷമാണ് കോംഗോ ഈ അവഗണിക്കപ്പെട്ട പ്രതിസന്ധികളുടെ പട്ടികയിൽ ഇടംപിടിക്കുന്നത്. 2025-ൽ കോംഗോയ്ക്ക് ആവശ്യമായ മാനുഷിക ധനസഹായത്തിന്റെ വെറും 27.4% മാത്രമാണ് അന്താരാഷ്ട്ര സമൂഹത്തിൽ നിന്ന് ലഭിച്ചത്. ഇത് കാരണം 2.1 കോടിയിലധികം ജനങ്ങളാണ് ആവശ്യമായ സഹായങ്ങൾ ലഭിക്കാതെ കഷ്ടപ്പെടുന്നത്.
ആറ് പതിറ്റാണ്ടിലേറെയായി തുടരുന്ന ആഭ്യന്തര സംഘർഷങ്ങൾ കാരണം കൊളംബിയൻ ജനത അവഗണിക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്. ഗറില്ലാ ഗ്രൂപ്പുകൾ, പാരാമിലിട്ടറി വിഭാഗങ്ങൾ, മയക്കുമരുന്ന് മാഫിയകൾ, സുരക്ഷാ സേനകൾ എന്നിവർ തമ്മിലുള്ള സങ്കീർണ്ണമായ പോരാട്ടമാണ് കൊളംബിയയെ ദീർഘകാലമായി പ്രതിസന്ധിയിലാക്കിയിരിക്കുന്നത്. ഈ ആഭ്യന്തര യുദ്ധം ബാധിച്ച ജനങ്ങൾക്ക് സ്ഥിരമായൊരു പരിഹാരം കണ്ടെത്താൻ ഇതുവരെ സാധിച്ചിട്ടില്ലെന്നും, ലക്ഷക്കണക്കിന് മനുഷ്യർ ആവർത്തിച്ചുള്ള പലായനങ്ങളിൽ ഒടുവിൽ എങ്ങോട്ടെന്നറിയാതെ കുടുങ്ങിക്കിടക്കുകയാണെന്നും കൊളംബിയയിലെ എൻആർസി ഡയറക്ടർ ജിയോവന്നി റിസ്സോ പറഞ്ഞു.

