മൂവായിരത്തോളം ആളുകളുടെ ജീവൻ കവർന്ന വെനിസ്വേലയിലെ ഇരട്ട ഭൂകമ്പത്തിന്റെ ഇരകളായവർക്കുവേണ്ടി പ്രാർഥനകളുമായി ലെയോ പതിനാലാമൻ മാർപാപ്പ. ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രമായ ലാ ഗ്വൈറയെ പൂർണ്ണമായും തകർത്തുകളഞ്ഞ രണ്ട് ഭൂകമ്പങ്ങൾക്ക് ശേഷം മരണസംഖ്യ ഇപ്പോഴും ഉയർന്നുകൊണ്ടിരിക്കുകയാണ്.
“ഭൂകമ്പത്തിന്റെ ഇരകളെയും വെനിസ്വേലയിലെ എല്ലാ ജനങ്ങളെയും ഞാൻ എന്റെ പ്രാർഥനകളിൽ തുടർന്നും ഓർക്കുന്നു. കഷ്ടപ്പാടിന്റെ ഈ വലിയ സമയത്ത് ദൈവം അവർക്ക് താങ്ങായിരിക്കട്ടെ” – പാപ്പ പ്രാർഥിച്ചു.
ഈ ഇരട്ട ഭൂകമ്പത്തെത്തുടർന്ന് രാജ്യത്ത് ഇപ്പോൾ ഏകദേശം മൂവായിരം മരണങ്ങൾ രേഖപ്പെടുത്തിയിട്ടുണ്ട്. ഭവനരഹിതരായ നിരവധി ആളുകൾ ഇപ്പോഴും തെരുവുകളിലോ, താൽക്കാലിക അഭയകേന്ദ്രങ്ങളിലോ സുരക്ഷിതമല്ലാത്ത സാഹചര്യങ്ങളിലാണ് ജീവിക്കുന്നത്. അതേസമയം അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്ന, അതിജീവിച്ചവർക്കായുള്ള തിരച്ചിൽ അന്താരാഷ്ട്ര രക്ഷാപ്രവർത്തകർ ക്രമേണ അവസാനിപ്പിക്കുകയാണ്.
വിശ്വാസത്തോടുള്ള വിദ്വേഷം മൂലം വധിക്കപ്പെട്ട വിയറ്റ്നാമീസ് വൈദികൻ ഫ്രാൻസിസ് സേവ്യർ ട്രൂങ് ബുവിനെയും മാർപാപ്പ അനുസ്മരിച്ചു.

