Tuesday, July 7, 2026

“ഇതെന്റെ പുനർജന്മം”: എട്ട് ദിവസം അവശിഷ്ടങ്ങൾക്കിടയിൽ; അദ്ഭുതകരമായി രക്ഷപെട്ട് വെനസ്വേലൻ സ്വദേശി

വെനസ്വേലയെ നടുക്കിയ ഇരട്ട ഭൂകമ്പത്തിന്റെ അവശിഷ്ടങ്ങൾക്കിടയിൽ എട്ട് ദിവസത്തോളം ജീവനോടെ കുടുങ്ങിക്കിടന്ന 43 കാരനായ സെക്യൂരിറ്റി ജീവനക്കാരൻ ഹെർണൻ ഗില്ലിനെ അദ്ഭുതകരമായി രക്ഷപെടുത്തി. വടക്കൻ കരീബിയൻ രാജ്യമായ വെനസ്വേലയിൽ മൂവായിരത്തിനടുത്ത് ആളുകളുടെ ജീവനെടുത്ത ദുരന്തത്തിൽ, പ്രത്യാശയുടെ പ്രതീകമായി മാറിയിരിക്കുകയാണ് ഇപ്പോൾ ഈ നാൽപത്തിമൂന്നുകാരൻ.

ജൂൺ 24-ന് ഉച്ചയ്ക്ക് ഒരു എട്ടുനില കെട്ടിടത്തിന്റെ ബേസ്‌മെന്റിൽ ജോലി ചെയ്യുമ്പോഴാണ് ഭൂകമ്പം അനുഭവപ്പെടുന്നത്. ആദ്യത്തെ ഭൂചലനം ചെറുതായിരുന്നു എങ്കിലും രണ്ടാമത്തേത് അതിശക്തമായിരുന്നു എന്ന് ആശുപത്രിക്കിടക്കയിൽ നിന്ന് എ.എഫ്.പി. വാർത്താ ഏജൻസിയോട് സംസാരിക്കവെ അദ്ദേഹം ഓർത്തെടുത്തു. കെട്ടിടം തകർന്നുവീണതോടെ ഗിൽ പൂർണ്ണമായും ഇരുട്ടിലായി. തലയ്ക്കും കണ്ണിനും പരിക്കേറ്റ് അൽപസമയം ബോധരഹിതനായ അദ്ദേഹം ഉണർന്നപ്പോൾ ചുറ്റിലും പൂർണ്ണമായ അന്ധകാരമായിരുന്നു.

തന്റെ ഭാര്യയെയും മക്കളെയും ഓർത്ത് ദൈവത്തോട് നിരന്തരം പ്രാർഥിച്ചതാണ് ആ ഇരുണ്ട മണിക്കൂറുകളിൽ തനിക്ക് ജീവിക്കാനുള്ള കരുത്ത് നൽകിയതെന്ന് അദ്ദേഹം പറഞ്ഞു. കുടുങ്ങിക്കിടന്നതിന്റെ മൂന്നാം ദിവസമാണ് മുകളിൽ ആരുടെയോ കാൽപ്പെരുമാറ്റം ഗിൽ കേൾക്കുന്നത്. അദ്ദേഹം ഉറക്കെ നിലവിളിച്ചതോടെ രക്ഷാപ്രവർത്തകർ ശബ്ദം തിരിച്ചറിഞ്ഞു. തുടർന്ന് ഏഴ് രാജ്യങ്ങളിൽ നിന്നുള്ള വിദഗ്ധ രക്ഷാപ്രവർത്തകർ ചേർന്നാണ് സങ്കീർണ്ണമായ ദൗത്യം ആരംഭിച്ചതും ഗില്ലിനെ രക്ഷപെടുത്തിയതും.

LEAVE A REPLY

Please enter your comment!
Please enter your name here

Latest News