നാടിനെയാകെ കണ്ണീരിലാഴ്ത്തിയ കർണാടക ഷിരൂർ മണ്ണിടിച്ചിൽ ദുരന്തം നടന്നിട്ട് ഇന്ന് രണ്ട് വർഷം പൂർത്തിയാകുകയാണ്. 2024 ജൂലൈ 16-ന് രാവിലെ എട്ടേകാലോടെ ഷിരൂരിലെ ദേശീയപാത 66-ൽ മലയിടിഞ്ഞുണ്ടായ വൻ അപകടത്തിൽ കോഴിക്കോട് സ്വദേശിയായ ലോറി ഡ്രൈവർ അർജുൻ ഉൾപ്പെടെയുള്ള 11 പേർക്കാണ് ജീവൻ നഷ്ടമായത്. കനത്ത മണ്ണും പാറയും ചെളിയും റോഡിലേക്ക് ഇരച്ചെത്തി ചായക്കടയും സമീപത്തെ വീടുകളും പൂർണ്ണമായി തകർത്ത ആ കറുത്ത ദിനം മലയാളികളുടെ മനസ്സിൽ ഇന്നും മായാതെ കിടപ്പുണ്ട്.
അപകടത്തിൽ കാണാതായ അർജുനെ കണ്ടെത്താനായി ഗംഗാവലി പുഴയിൽ സമാനതകളില്ലാത്ത രക്ഷാദൗത്യത്തിനാണ് രാജ്യം സാക്ഷ്യം വഹിച്ചത്. കനത്ത മഴയും പുഴയിലെ കുത്തൊഴുക്കും രക്ഷാപ്രവർത്തനങ്ങൾക്ക് വലിയ തടസ്സം സൃഷ്ടിച്ചതിനെത്തുടർന്ന് മൂന്ന് ഘട്ടങ്ങളായാണ് ഇവിടെ തിരച്ചിൽ നടത്തിയത്. കരസേനയും നാവികസേനയും സന്നദ്ധപ്രവർത്തകരും ആധുനിക സംവിധാനങ്ങളുമായി ദിവസങ്ങളോളം തിരഞ്ഞിട്ടും അർജുനെ കണ്ടെത്താനായിരുന്നില്ല.
ഒടുവിൽ ഗോവയിൽ നിന്ന് വലിയ ഡ്രഡ്ജർ യന്ത്രം എത്തിച്ച് നടത്തിയ 72 ദിവസത്തെ നെഞ്ചിടിപ്പേറിയ കാത്തിരിപ്പിനൊടുവിലാണ് പുഴയിൽ നിന്നും അർജുന്റെ ലോറിയും മൃതദേഹവും കണ്ടെടുത്തത്. ദുരന്തം നടന്ന് രണ്ട് വർഷം പിന്നിടുമ്പോഴും പ്രിയപ്പെട്ടവരുടെ വേർപാടിന്റെ ദുഃഖത്തിൽ നിന്നും ഈ നാട് ഇപ്പോഴും പൂർണ്ണമായി മുക്തമായിട്ടില്ല.

