Wednesday, July 29, 2026

പരീക്ഷാ തട്ടിപ്പ് തടയാനുള്ള പുതിയ ബിൽ ഇന്ന് പാർലമെന്റിൽ

പരീക്ഷാ ക്രമക്കേടുകളും ചോദ്യപ്പേപ്പർ ചോർച്ചയും തടയുന്നതിനുള്ള പുതിയ നിയമനിർമ്മാണ ബിൽ കേന്ദ്ര സർക്കാർ ഇന്ന് ലോകസഭയിൽ അവതരിപ്പിക്കും. ചോദ്യപേപ്പർ ചോർത്തുന്ന കുറ്റക്കാർക്ക് പത്ത് വർഷം വരെ തടവും പത്ത് കോടി രൂപ വരെ പിഴയും ചുമത്താൻ പുതിയ നിയമത്തിൽ വ്യവസ്ഥയുണ്ട്. പരീക്ഷാ സമ്പ്രദായം കൂടുതൽ സുതാര്യമാക്കാനും വിദ്യാർത്ഥികളുടെ ഭാവി സംരക്ഷിക്കാനും ലക്ഷ്യമിട്ടാണ് ഈ സുപ്രധാന നീക്കം.

കേന്ദ്രമന്ത്രി ഡോക്ടർ ജിതേന്ദ്ര സിംഗ് ആണ് ഈ നിയമ ഭേദഗതി ബിൽ സഭയുടെ പരിഗണനയ്ക്കായി കൊണ്ടു വരുന്നത്. കേസിൽ കുറ്റക്കാരാണെന്ന് കണ്ടെത്തുന്നവരുടെ സ്വത്തുക്കൾ കണ്ടുകെട്ടാനും മൂന്ന് മാസത്തിനുള്ളിൽ വിധി പ്രഖ്യാപിക്കാനും ബില്ലിൽ നിർദ്ദേശമുണ്ട്. അതോടൊപ്പം തന്നെ സുപ്രീം കോടതി ജഡ്ജിമാരുടെ എണ്ണം സംബന്ധിച്ച ഭേദഗതി ബില്ലും സഭയുടെ പരിഗണനയ്ക്ക് വരും.

രാവിലെ 11 മണിക്ക് ചോദ്യോത്തര വേളയോടെയാണ് പാർലമെന്റിന്റെ ഇന്നത്തെ നടപടികൾ ആരംഭിക്കുന്നത്. അതിവേഗ കോടതികൾ സ്ഥാപിക്കുന്നതിനും പരീക്ഷാ തട്ടിപ്പുകൾക്ക് കടുത്ത ശിക്ഷ ഉറപ്പാക്കുന്നതിനും കഴിഞ്ഞ ദിവസം കേന്ദ്ര മന്ത്രിസഭ അനുമതി നൽകിയിരുന്നു. പരീക്ഷാ രംഗത്ത് വലിയ മാറ്റങ്ങൾ കൊണ്ടുവരുന്ന ഈ ബിൽ ഇന്ന് തന്നെ സഭ പാസാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here

Latest News