Wednesday, July 29, 2026

കാസിൽ ഗാൻഡോൾഫോയിലെ പ്രാർഥനാപൂർണ്ണമായ വിശ്രമകാലം മാർപാപ്പ പൂർത്തിയാക്കി

റോമിന് സമീപമുള്ള പ്രശസ്തമായ കാസിൽ ഗാൻഡോൾഫോയിലെ വേനൽക്കാല വസതിയിലെ മൂന്നാഴ്ചത്തെ വിശ്രമത്തിനും പ്രാർഥനയ്ക്കും ശേഷം വത്തിക്കാനിലേക്കു മടങ്ങിയെത്തി ലെയോ പതിനാലാമൻ മാർപാപ്പ. ജൂലൈ 27 തിങ്കളാഴ്ച വൈകുന്നേരമാണ് മാർപാപ്പ കൊട്ടാരത്തിൽ നിന്നും വത്തിക്കാനിലേക്ക് പുറപ്പെട്ടത്.

യാത്ര തിരിക്കുന്നതിനു മുമ്പ് തനിക്ക് യാത്രയയപ്പ് നൽകാൻ തടിച്ചുകൂടിയ വിശ്വാസികളെയും പ്രദേശവാസികളെയും മാർപാപ്പ അഭിവാദ്യം ചെയ്യുകയും കുട്ടികളെ അനുഗ്രഹിക്കുകയും ചെയ്തു. കാസിൽ ഗാൻഡോൾഫോയിലെ താമസത്തിനിടയിൽ പ്രാർഥനയ്ക്കും വായനയ്ക്കും കായികവിനോദങ്ങൾക്കുമായി സമയം മാറ്റിവച്ച മാർപാപ്പ, പ്രാദേശിക തീർഥാടനകേന്ദ്രങ്ങളും സന്ദർശിച്ചു. മോണ്ടെകാസിനോയിലെ (Montecassino) ബെനഡിക്റ്റൈൻ അബി, സുബിയാക്കോയിലെയും (Subiaco) വാലെപിയത്രയിലെയും (Vallepietra) ആശ്രമങ്ങൾ എന്നിവയും പാപ്പ സന്ദർശിച്ച സ്ഥലങ്ങളിൽ ഉൾപ്പെടുന്നു.

ജൂലൈ 11 ന് റോം രൂപതയിൽ നിന്നുള്ള, സാമ്പത്തികമായും സാമൂഹികമായും പിന്നാക്കം നിൽക്കുന്ന ഇരുനൂറോളം ആളുകളോടൊപ്പം (35 കുട്ടികൾ ഉൾപ്പെടെ) മാർപാപ്പ കാസിൽ ഗാൻഡോൾഫോയിലെ പൂന്തോട്ടത്തിൽ ഉച്ചഭക്ഷണം പങ്കുവച്ചിരുന്നു. വേനലവധിക്കാലത്തും എല്ലാ ഞായറാഴ്ചകളിലും മാർപാപ്പ ആഞ്ചലൂസ്‌ പ്രാർഥനയ്ക്ക് നേതൃത്വം നൽകുകയും ലോകസമാധാനത്തിനായി ആഹ്വാനം ചെയ്യുകയും ചെയ്തു.

LEAVE A REPLY

Please enter your comment!
Please enter your name here

Latest News