ഫ്രാൻസിലും സ്പെയിനിലും പടർന്നുപിടിക്കുന്ന കാട്ടുതീയിൽ ദുരിതമനുഭവിക്കുന്നവരോട് ആശ്വാസം പങ്കുവെക്കുകയും, ഇരകൾക്കും ദുരന്തനിവാരണ പ്രവർത്തകർക്കുമായി പ്രാർത്ഥിക്കാൻ ആഹ്വാനം ചെയ്യുകയും ചെയ്ത് മാർപാപ്പ. അതേസമയം, ജൂലൈ 26-ന് ആചരിച്ച വയോജനങ്ങളുടെയും മുത്തശ്ശിമുത്തച്ഛന്മാരുടെയും ആറാമത് ലോക ദിനത്തെക്കുറിച്ചും പാപ്പ ഓർമ്മിപ്പിച്ചു.
ഫ്രാൻസിന്റെയും സ്പെയിനിന്റെയും വിവിധ ഭാഗങ്ങളിൽ പടർന്നുപിടിക്കുന്ന വിനാശകരമായ കാട്ടുതീ ബാധയിൽ ദുരിതമനുഭവിക്കുന്നവരോട് ലെയോ പതിനാലാമൻ മാർപാപ്പ തന്റെ സാമീപ്യവും ആശ്വാസവും അറിയിക്കുകയും, ഇരകൾക്കും അടിയന്തര രക്ഷാപ്രവർത്തകർക്കുമായി പ്രാർത്ഥിക്കാൻ വിശ്വാസികളെ ക്ഷണിക്കുകയും ചെയ്തു. തെക്കുപടിഞ്ഞാറൻ ഫ്രാൻസിലും മധ്യ സ്പെയിനിലും വൻതോതിൽ കാട്ടുതീ പടർന്നുപിടിക്കുന്ന സാഹചര്യത്തിൽ, നിരവധി ആളുകളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റ പാർപ്പിക്കേണ്ടി വരികയും ദുരന്തനിവാരണ സേന കടുത്ത വെല്ലുവിളി നേരിടുകയും ചെയ്യുന്ന സാഹചര്യത്തിലാണ് മാർപാപ്പ ദുരിതമനുഭവിക്കുന്നവരെ ഓർത്തത്.
“കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഫ്രാൻസിന്റെയും സ്പെയിനിന്റെയും വിവിധ ഭാഗങ്ങളെ ബാധിച്ച വിനാശകരമായ കാട്ടുതീയുടെ പശ്ചാത്തലത്തിൽ, കഷ്ടത അനുഭവിക്കുന്നവരോട് ഞാൻ എന്റെ സാമീപ്യം അറിയിക്കുന്നു. ദുരിതബാധിതർക്കായും, വിശ്രമമില്ലാതെ ജോലി ചെയ്യുന്ന രക്ഷാപ്രവർത്തകരുടെ ശ്രമങ്ങൾക്കായും പ്രാർത്ഥിക്കാൻ ഞാൻ എല്ലാവരെയും ക്ഷണിക്കുന്നു.” പാപ്പ പറഞ്ഞു.
കഠിനമായ ചൂട്, ശക്തമായ കാറ്റ്, ദീർഘനാളത്തെ വരൾച്ച എന്നിവ മൂലം പടർന്നുപിടിച്ച തീ അണയ്ക്കാൻ അഗ്നിശമന സേനാംഗങ്ങൾ കഠിനമായി പ്രയത്നിക്കുമ്പോൾ, കഴിഞ്ഞ ദിവസങ്ങളിൽ ലക്ഷക്കണക്കിന് ആളുകളാണ് വീടൊഴിഞ്ഞു പോകാൻ നിർബന്ധിതരായത്.

