പുരാതന ഗ്രീക്ക് ദൈവങ്ങളുടെ നാടായ ഒളിമ്പസ് പർവ്വതം (Mount Olympus) ഔദ്യോഗികമായി യുനെസ്കോയുടെ ലോക പൈതൃക പട്ടികയിൽ ഇടംനേടി. 12 വർഷത്തെ കാത്തിരിപ്പിനൊടുവിലാണ് ഗ്രീസിലെ ഏറ്റവും ഉയർന്ന ഈ പർവ്വതത്തിന് ഈ അംഗീകാരം ലഭിക്കുന്നത്. ദക്ഷിണ കൊറിയയിലെ ബുസാനിൽ നടന്ന യുനെസ്കോ കമ്മിറ്റി യോഗത്തിലാണ് നിർണ്ണായക പ്രഖ്യാപനമുണ്ടായത്.
സാംസ്കാരികവും പ്രകൃതിപരവുമായ പ്രാധാന്യം കണക്കിലെടുത്ത് ഒരു സമ്മിശ്ര ലോക പൈതൃക സൈറ്റായാണ് ഒളിമ്പസ് പർവ്വതത്തെ യുനെസ്കോ ഉൾപ്പെടുത്തിയിരിക്കുന്നത്. 2,918 മീറ്റർ ഉയരമുള്ള ഈ പർവ്വതം 2014 മുതൽ തന്നെ യുനെസ്കോയുടെ പരിഗണനാ പട്ടികയിലുണ്ടായിരുന്നു. യുനെസ്കോയുടെ തീരുമാനം ഗ്രീസിൽ വലിയ ആഹ്ലാദത്തോടെയാണ് ജനങ്ങൾ സ്വീകരിച്ചത്. ഭാവി തലമുറകൾക്കായി ഈ പ്രദേശത്തിന്റെ സംരക്ഷണം ഉറപ്പാക്കാൻ ഈ അംഗീകാരം സഹായിക്കുമെന്ന് ഗ്രീസിന്റെ യുനെസ്കോ ഡെലിഗേഷൻ തലവൻ ജോർജിയോസ് കൂമൗട്സാക്കോസ് വ്യക്തമാക്കി.
ഫ്രാൻസിലെ നോർമാണ്ടിയിലെ രണ്ടാം ലോകമഹായുദ്ധ ഡി-ഡേ ലാൻഡിംഗ് ബീച്ചുകൾ, ജപ്പാനിലെ പുരാതന തലസ്ഥാനങ്ങളായ അസുക, ഫുജിവാര, തെക്കേ സുഡാനിലെ ബോമ-ബാഡിംഗിലോ പ്രകൃതിദൃശ്യങ്ങൾ എന്നിവയും ഇത്തവണ യുനെസ്കോ പട്ടികയിൽ ഇടംനേടിയിട്ടുണ്ട്.

