കാനഡയിലെ ടൊറന്റോയിൽ ജൂത ഉടമസ്ഥതയിലുള്ള ‘കീവാസ് ബാഗേൽ ബേക്കറി’യുടെ (Kiva’s Bagel Bakery) രണ്ട് ശാഖകളിൽ ദുരൂഹ സാഹചര്യത്തിൽ ജനൽച്ചില്ലുകൾ തകർന്ന നിലയിൽ കണ്ടെത്തി. സംഭവത്തിന് പിന്നിൽ യഹൂദ വിരുദ്ധ ലക്ഷ്യങ്ങളാകാമെന്ന് സംശയിക്കുന്നതായി ടൊറന്റോ പൊലീസ് വ്യക്തമാക്കി. ഞായറാഴ്ച രാവിലെയാണ് വ്യാപാര സ്ഥാപനങ്ങളുടെ തകർന്ന ജനൽചില്ലുകൾ ജീവനക്കാരുടെ ശ്രദ്ധയിൽപ്പെട്ടത്.
ഞായറാഴ്ച രാവിലെ എട്ടുമണിയോടെ യോംഗ് സ്ട്രീറ്റിലെയും സെന്റ് ക്ലെയർ അവന്യൂ വെസ്റ്റിലെയും ബേക്കറിയിൽ ജനൽചില്ല് തകർന്നതായി പൊലീസിന് വിവരം ലഭിച്ചു. പരിശോധനയിൽ തോക്ക് ഉപയോഗിച്ചതായി വ്യക്തമാക്കുന്ന തെളിവുകളും ബുള്ളറ്റ് ഹോമും പൊലീസ് കണ്ടെത്തി. ഈ സംഭവത്തിൽ ആർക്കും പരിക്കുകളില്ല. ഇതിന് 20 മിനിറ്റ് കഴിഞ്ഞ്, ഏകദേശം 14 കിലോമീറ്റർ വടക്കായി ബാത്ഹർസ്റ്റ് സ്ട്രീറ്റിനും സ്റ്റീൽസ് അവന്യൂ വെസ്റ്റിനും സമീപമുള്ള മറ്റൊരു കീവാസ് ശാഖയിലും തകർന്ന ജനൽചില്ല് കണ്ടെത്തി. എന്നാൽ ഇവിടെ വെടിയുതിർത്തതിന്റെ ലക്ഷണങ്ങളോ പരിക്കുകളോ റിപ്പോർട്ട് ചെയ്തിട്ടില്ല.
ടി.പി.എസ് ഹേറ്റ് ക്രൈം യൂണിറ്റും, ഗൺസ് ആന്റ് ഗ്യാങ്സ് ഇന്റഗ്രേറ്റഡ് ടാസ്ക് ഫോഴ്സും സംയുക്തമായാണ് കേസ് അന്വേഷിക്കുന്നത്. ഈ രണ്ട് ആക്രമണങ്ങളും പരസ്പരം ബന്ധപ്പെട്ടിരിക്കുന്നതാണെന്ന് പൊലീസ് കരുതുന്നു. കഴിഞ്ഞ മാസം ജൂതപ്പള്ളിക്കും ഒരു ജൂത സ്കൂളിനും നേരെയും യു.എസ് കോൺസുലേറ്റിനും നേരെയും നടന്ന വെടിവെപ്പുകൾ ഓൺലൈൻ വഴി വാടകയ്ക്കെടുക്കപ്പെട്ട യുവാക്കളാണ് നടത്തിയതെന്ന് ടൊറന്റോ പൊലീസ് വെളിപ്പെടുത്തിയിരുന്നു. ഇതിന്റെ തുടർച്ചയായാണ് പുതിയ സംഭവവികാസങ്ങൾ ഉണ്ടായിരിക്കുന്നത്.

