2021 മുതൽ രാജ്യത്തെ ദേശീയപാത നിർമ്മാണങ്ങളിലുണ്ടായ അപകടങ്ങളിൽ 22 പേർ കൊല്ലപ്പെട്ടതായി കേന്ദ്ര സർക്കാർ വ്യക്തമാക്കി. ആകെ 48 നിർമ്മാണ വീഴ്ചകളാണ് ഈ കാലയളവിൽ റിപ്പോർട്ട് ചെയ്തത്. എട്ട് അപകടങ്ങൾ നടന്ന കേരളത്തിലാണ് ഏറ്റവും കൂടുതൽ സംഭവങ്ങൾ റിപ്പോർട്ട് ചെയ്തത്.
റോഡ് തകർച്ച, പാലങ്ങളും മേൽപ്പാലങ്ങളും തകർന്നുവീഴൽ, തുരങ്കങ്ങളിലെ അപകടങ്ങൾ എന്നിവയാണ് പ്രധാനമായും ഉണ്ടായത്. ഏറ്റവും വലിയ അപകടം നടന്നത് ജമ്മു കശ്മീരിലെ തുരങ്ക നിർമ്മാണത്തിനിടെയാണ്. പത്ത് തൊഴിലാളികളാണ് അന്ന് മണ്ണടിച്ചിലിൽപ്പെട്ട് മരണപ്പെട്ടത്.
വീഴ്ച വരുത്തിയ നിർമ്മാണ കമ്പനികളിൽ നിന്ന് 349 കോടി രൂപയിലധികം പിഴയായി ഈടാക്കിയിട്ടുണ്ട്. കേരളത്തിൽ മാത്രം വിവിധ വീഴ്ചകൾക്ക് കമ്പനികൾക്ക് 31 കോടിയിലധികം രൂപ പിഴ ചുമത്തി. തെറ്റായ രീതിയിൽ പണി നടത്തുകയും നിയമങ്ങൾ ലംഘിക്കുകയും ചെയ്ത നിരവധി കമ്പനികളെ നിർമ്മാണ ചുമതലകളിൽ നിന്ന് വിലക്കുകയും ചെയ്തിട്ടുണ്ട്.

