ലിബറൽ ഡെമോക്രാറ്റ് എംപി ടോം ഗോർഡൻ പാർലമെന്റിൽ “കുട്ടികളുടെ സൈനികവൽക്കരണത്തെ” കുറിച്ച് ആശങ്ക ഉന്നയിച്ചപ്പോൾ, അദ്ദേഹം ഉദ്ദേശിച്ചത് പെട്ടെന്ന് ആയുധമെടുത്ത ഒരു പുതിയ തലമുറയെ ആയിരുന്നില്ല; മറിച്ച് ഒരു കാർട്ടൂൺ കരടിയെക്കുറിച്ചായിരുന്നു! ‘മാഷ ആൻഡ് ദി ബെയർ’ (Masha and the Bear) എന്ന പ്രശസ്തമായ റഷ്യൻ കാർട്ടൂൺ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് 50-ലധികം ബ്രിട്ടീഷ് എംപിമാർ ഒപ്പിട്ട കത്താണ് ഇപ്പോൾ അന്താരാഷ്ട്ര തലത്തിൽ ചർച്ചയാകുന്നത്. ഈ കുട്ടിക്കാല ചിത്രം റഷ്യയുടെ രാഷ്ട്രീയ പ്രചരണത്തിന്റെ (Propaganda) ഭാഗമാണെന്നാണ് അവരുടെ ആരോപണം.
യൂട്യൂബിലും നെറ്റ്ഫ്ലിക്സിലും കോടിക്കണക്കിന് ആളുകൾ കാണുന്ന ഈ കാർട്ടൂൺ ഒരു കൊച്ചു പെൺകുട്ടിയുടെയും കരടിയുടെയും കാട്ടുപശ്ചാത്തലത്തിലുള്ള കഥയാണ് പറയുന്നത്. എന്നാൽ ഇതിൽ സോവിയറ്റ് കാലഘട്ടത്തിലെ സൈനിക വസ്ത്രങ്ങൾ ഉപയോഗിക്കുന്നത് റഷ്യയുടെ സ്വാധീനിക്കാനുള്ള നീക്കമാണെന്ന് യുക്രൈനും ചില യൂറോപ്യൻ രാജ്യങ്ങളും ആരോപിക്കുന്നു.
കാർട്ടൂൺ പ്രചരണങ്ങൾക്ക് ഒരു നൂറ്റാണ്ടിന്റെ ചരിത്രം
കാർട്ടൂണുകളെ രാഷ്ട്രീയ പ്രചരണത്തിനായി ഉപയോഗിക്കുന്നത് ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. ചരിത്രകാരന്മാരുടെ അഭിപ്രായത്തിൽ ഒന്നാം ലോകമഹായുദ്ധ കാലം മുതൽക്കേ കാർട്ടൂണുകൾ യുദ്ധതന്ത്രത്തിന്റെ ഭാഗമായിരുന്നു. അക്കാലത്ത് ലാൻസലോട്ട് സ്പീഡ് (Lancelot Speed) എന്ന ബ്രിട്ടീഷ് അനിമേഷൻ കലാകാരൻ ജർമ്മൻ ചക്രവർത്തി കൈസർ വിൽഹെമിനെ പരിഹസിക്കുന്ന കാർട്ടൂണുകൾ നിർമ്മിച്ച് തിയേറ്ററുകളിൽ വലിയ ജനപ്രീതി നേടിയിരുന്നു.
രണ്ടാം ലോകമഹായുദ്ധ കാലത്ത് ഈ പ്രവണത അതിന്റെ ഉച്ചസ്ഥായിയിലെത്തി. അന്നത്തെ പ്രമുഖ അനിമേഷൻ സ്റ്റുഡിയോകളെല്ലാം ഇതിൽ പങ്കാളികളായി. വാർണർ ബ്രദേഴ്സ് (Warner Brothers) നിർമ്മിച്ച ‘ദി ഡക്ടേറ്റേഴ്സ്’ (The Ducktators) എന്ന കാർട്ടൂണിൽ ഹിറ്റ്ലറെയും മുസ്സോളിനിയെയും താറാവുകളായി ചിത്രീകരിച്ച് പരിഹസിച്ചു. ‘ബഗ്സ് ബണ്ണി നിപ്സ് ദി നിപ്സ്’ (Bugs Bunny Nips the Nips) എന്ന കാർട്ടൂണിൽ വംശീയ അധിക്ഷേപങ്ങൾ നിറഞ്ഞ വരികൾ ഉപയോഗിച്ചതിനാൽ അത് പിന്നീട് നിരോധിക്കപ്പെട്ടു.
ശീതയുദ്ധവും സി.ഐ.എ (CIA) ഫണ്ടിങ്ങും
മുതലാളിത്തവും കമ്മ്യൂണിസവും തമ്മിലുള്ള ശീതയുദ്ധ കാലത്ത് കാർട്ടൂൺ പ്രചരണങ്ങൾ കൂടുതൽ തന്ത്രപരമായി മാറി. ജോർജ്ജ് ഓർവെല്ലിന്റെ പ്രശസ്തമായ ‘ആനിമൽ ഫാം’ (Animal Farm) എന്ന നോവലിനെ ആസ്പദമാക്കി 1954-ൽ പുറത്തിറങ്ങിയ ബ്രിട്ടനിലെ ആദ്യ അനിമേഷൻ ചിത്രം അമേരിക്കൻ ചാരസംഘടനയായ സി.ഐ.എ (CIA) രഹസ്യമായി ഫണ്ട് ചെയ്തതായിരുന്നു എന്ന് പതിറ്റാണ്ടുകൾക്ക് ശേഷമാണ് വെളിപ്പെട്ടത്. കമ്മ്യൂണിസ്റ്റ് ഭരണകൂടങ്ങളെ അട്ടിമറിക്കാൻ ജനങ്ങളെ പ്രേരിപ്പിക്കുന്ന രീതിയിലായിരുന്നു നോവലിലെ യഥാർത്ഥ ക്ലൈമാക്സ് മാറ്റി ചിത്രത്തിന്റെ അവസാനം അവർ രൂപകൽപ്പന ചെയ്തത്.

