Monday, July 20, 2026

സുഡാനിലെ അൽ-ഉബൈദ് നഗരത്തിൽ ജനജീവിതം ദുരിതത്തിൽ; ഭക്ഷ്യപ്രതിസദ്ധിയെന്ന് ഐക്യരാഷ്ട്രസഭ

സുഡാനിലെ അൽ-ഉബൈദ് നഗരത്തിൽ ആഭ്യന്തര യുദ്ധത്തെ തുടർന്നുണ്ടായ ജനങ്ങളുടെ കൂട്ടപലായനവും കടുത്ത ഭക്ഷ്യപ്രതിസന്ധിയും സ്ഥിതിഗതികൾ അതീവ വഷളാക്കിയതായി ഐക്യരാഷ്ട്രസഭ മുന്നറിയിപ്പ് നൽകി. കഴിഞ്ഞ വർഷം ഉണ്ടായ കടുത്ത അക്രമങ്ങൾക്ക് സമാനമായ സാഹചര്യമാണ് ഇവിടെയുമുള്ളതെന്ന് ജനീവയിൽ നടന്ന വാർത്താസമ്മേളനത്തിൽ അധികൃതർ വ്യക്തമാക്കി. യുദ്ധത്തെ തുടർന്ന് മറ്റ് പ്രദേശങ്ങളിൽ നിന്നുള്ള ലക്ഷക്കണക്കിന് അഭയാർത്ഥികൾ തടിച്ചുകൂടിയതോടെ നഗരത്തിലെ ജനസംഖ്യ ഇരട്ടിയായി വർദ്ധിച്ചിരിക്കുകയാണ്.

നിലവിൽ നഗരത്തിൽ ഭക്ഷണക്ഷാമവും കുടിവെള്ളക്ഷാമവും ഇന്ധനക്ഷാമവും അനുഭവപ്പെടുന്നുണ്ടെന്ന് ഐക്യരാഷ്ട്രസഭയുടെ സുഡാൻ ഡയറക്ടർ അബ്ദുള്ള അൽവർദത്ത് നേരിട്ട് സന്ദർശിച്ച ശേഷം അറിയിച്ചു. ദുരിതാശ്വാസ ക്യാമ്പുകളിൽ മാത്രം 120,000-ലധികം ആളുകൾ വളരെ ദയനീയമായ സാഹചര്യത്തിലാണ് ഇപ്പോൾ ജീവിക്കുന്നത്. എന്നാൽ ആവശ്യത്തിന് ഭക്ഷണങ്ങൾ ഇല്ലാത്തതിനാൽ എത്തുന്നവരിൽ വളരെ കുറച്ചുപേർക്ക് മാത്രമേ കൃത്യമായി സഹായം എത്തിക്കാൻ സാധിക്കുന്നുള്ളൂ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സുഡാൻ സൈന്യവും അർദ്ധസൈനിക വിഭാഗവും തമ്മിൽ 2023 ഏപ്രിൽ മുതൽ തുടരുന്ന ഈ ആഭ്യന്തര യുദ്ധത്തിൽ ഇതുവരെ രണ്ട് ലക്ഷത്തോളം ആളുകൾ കൊല്ലപ്പെട്ടതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. കൂടാതെ ഒരു കോടിയിലധികം ജനങ്ങൾ വീടുകൾ ഉപേക്ഷിച്ച് മറ്റ് സുരക്ഷിത സ്ഥാനങ്ങളിലേക്ക് ഓടിപ്പോകേണ്ടി വരികയും ചെയ്തു. വരും ദിവസങ്ങളിൽ സാഹചര്യം അനുകൂലമായാൽ 250,000-ലധികം ആളുകളിലേക്ക് സഹായം എത്തിക്കാൻ കൂടുതൽ റേഷൻ ശേഖരം ഒരുക്കുന്നുണ്ടെന്നും സംഘടന വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here

Latest News