Wednesday, April 22, 2026

സമാധാനനയം ഉപേക്ഷിക്കുന്നു; മാരകായുധങ്ങളുടെ കയറ്റുമതി വിലക്ക് നീക്കി ജപ്പാൻ

രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം ജപ്പാൻ പിന്തുടർന്നുപോന്ന കർശനമായ സമാധാന നയത്തിൽ വിപ്ലവകരമായ മാറ്റം. യുദ്ധവിമാനങ്ങളും മിസൈലുകളും ഉൾപ്പെടെയുള്ള മാരകായുധങ്ങൾ വിദേശരാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുന്നതിനുള്ള വിലക്ക് പ്രധാനമന്ത്രി സനയെ ടാകൈച്ചി സർക്കാർ നീക്കി. ചൊവ്വാഴ്ച നടന്ന കാബിനറ്റ് യോഗത്തിലാണ് ജപ്പാന്റെ പ്രതിരോധ നയത്തെ മാറ്റിമറിക്കുന്ന ഈ ചരിത്രപരമായ തീരുമാനം എടുത്തത്.

മുമ്പ് രക്ഷാപ്രവർത്തനം, നിരീക്ഷണം തുടങ്ങിയ അഞ്ച് മേഖലകളിൽ മാത്രമായിരുന്നു പ്രതിരോധ ഉപകരണങ്ങളുടെ കയറ്റുമതിക്ക് അനുമതി ഉണ്ടായിരുന്നത്. പുതിയ നിയമപ്രകാരം യുദ്ധക്കപ്പലുകൾ, മിസൈലുകൾ, യുദ്ധവിമാനങ്ങൾ എന്നിവയും മറ്റ് രാജ്യങ്ങൾക്ക് വിൽക്കാം. ഇന്ത്യ, അമേരിക്ക, ബ്രിട്ടൻ, ഓസ്‌ട്രേലിയ തുടങ്ങിയ പ്രതിരോധ കരാറുകളിൽ ഒപ്പിട്ട 17 രാജ്യങ്ങളിലേക്ക് മാത്രമായിരിക്കും ആദ്യഘട്ടത്തിൽ ആയുധങ്ങൾ കയറ്റുമതി ചെയ്യുക.

1947-ലെ ഭരണഘടനയനുസരിച്ച് യുദ്ധം ഉപേക്ഷിച്ച ജപ്പാൻ, ആയുധ വ്യാപാരത്തിൽ നിന്ന് പൂർണ്ണമായും വിട്ടുനിൽക്കുകയായിരുന്നു. എന്നാൽ മേഖലയിൽ ചൈനയുടെയും വടക്കൻ കൊറിയയുടെയും ഭീഷണി വർദ്ധിക്കുന്ന സാഹചര്യത്തിലാണ് ഈ ചുവടുമാറ്റം. എന്നാൽ നിലവിൽ യുദ്ധം നടക്കുന്ന രാജ്യങ്ങളിലേക്ക് ആയുധങ്ങൾ നൽകില്ലെന്ന് ജപ്പാൻ വ്യക്തമാക്കിയിട്ടുണ്ട്. എങ്കിലും പ്രത്യേക സാഹചര്യങ്ങളിൽ ദേശീയ സുരക്ഷയെ മുൻനിർത്തി ഇതിൽ ഇളവ് നൽകാൻ നാഷണൽ സെക്യൂരിറ്റി കൗൺസിലിന് അധികാരമുണ്ടാകും.

LEAVE A REPLY

Please enter your comment!
Please enter your name here

Latest News