Tuesday, May 5, 2026

മുഖ്യമന്ത്രി പിണറായി വിജയൻ രാജിസമർപ്പിച്ചു; പത്തു വർഷത്തെ ഭരണത്തിന് വിരാമം

നിയമസഭാ തിരഞ്ഞെടുപ്പിലെ കനത്ത തിരിച്ചടിയെത്തുടർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഗവർണർ രാജേന്ദ്ര വി. അർലേക്കർക്ക് രാജി സമർപ്പിച്ചു. തിങ്കളാഴ്ച രാത്രിയോടെ രാജ്ഭവനിലെത്തിയാണ് അദ്ദേഹം രാജിക്കത്ത് കൈമാറിയത്. പുതിയ മുഖ്യമന്ത്രി അധികാരമേൽക്കുന്നത് വരെ സ്ഥാനത്ത് തുടരാൻ ഗവർണർ അദ്ദേഹത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്.

തിരഞ്ഞെടുപ്പിൽ ഇടതുമുന്നണി 35 സീറ്റുകളിലേക്ക് ഒതുങ്ങിയതോടെയാണ് പത്തു വർഷം നീണ്ടുനിന്ന പിണറായി ഭരണത്തിന് അവസാനമായത്. 2016 മുതൽ തുടർച്ചയായി രണ്ടുതവണ കേരളം ഭരിച്ച അദ്ദേഹം സംസ്ഥാനത്ത് ഏറ്റവും കൂടുതൽ കാലം മുഖ്യമന്ത്രിയായിരുന്ന നേതാവെന്ന പേരും സ്വന്തമാക്കിയാണ് പടിയിറങ്ങുന്നത്. പ്രളയവും മഹാമാരിയും നേരിട്ട ഭരണകാലത്തിന് ഒടുവിൽ കനത്ത പരാജയത്തോടെയാണ് അദ്ദേഹം അധികാരം ഒഴിഞ്ഞത്.

പരാജയത്തിന്റെ കാരണങ്ങൾ ഇടതുമുന്നണി പരിശോധിച്ചു വരുമ്പോൾ പിണറായി വിജയന്റെ അടുത്ത നീക്കമെന്താണെന്ന് രാഷ്ട്രീയ കേരളം ഉറ്റുനോക്കുകയാണ്. പ്രതിപക്ഷ നേതാവായി അദ്ദേഹം നിയമസഭയിൽ എത്തുമോ എന്ന ചർച്ചകളും ഇപ്പോൾ സജീവമാണ്. എൺപത്തിരണ്ടാം ജന്മദിനത്തിന് തൊട്ടരികിൽ നിൽക്കുമ്പോഴുണ്ടായ ഈ രാഷ്ട്രീയ മാറ്റം കേരള ചരിത്രത്തിലെ ഒരു പ്രധാന അധ്യായത്തിനാണ് അറുതി വരുത്തുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here

Latest News