ആഫ്രിക്കൻ രാജ്യമായ ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിൽ പടർന്നുപിടിക്കുന്ന എബോള വൈറസ് ബാധ യൂറോപ്പിലേക്കും വ്യാപിച്ചതിനെ തുടർന്ന് യാത്രാ മാനദണ്ഡങ്ങൾ കടുപ്പിച്ച് കോംഗോ ഭരണകൂടം. കോംഗോയിൽ നിന്നും തിരിച്ചെത്തിയ ജീവകാരുണ്യ പ്രവർത്തകനായ ഡോക്ടർക്ക് ഫ്രാൻസിൽ എബോള സ്ഥിരീകരിച്ചതിന് പിന്നാലെയാണ് കോംഗോ ആരോഗ്യ മന്ത്രാലയം പുതിയ ഉത്തരവ് പുറപ്പെടുവിച്ചത്. രോഗബാധിത പ്രദേശങ്ങളിൽ നിന്നും വരുന്നവർക്ക് 21 ദിവസത്തെ നിർബന്ധിത ക്വാറന്റൈൻ ഏർപ്പെടുത്തിയിട്ടുണ്ട്.
കോംഗോ ആരോഗ്യ മന്ത്രി സാമുവൽ-റോജർ കാംബ ഒപ്പുവെച്ച ഉത്തരവ് പ്രകാരം എബോള ബാധിതരുമായി സമ്പർക്കത്തിൽ ഏർപ്പെട്ടവരോ അല്ലെങ്കിൽ രോഗലക്ഷണങ്ങൾ സംശയിക്കുന്നവരോ ആയ എല്ലാവരും 21 ദിവസത്തെ സജീവ ആരോഗ്യ നിരീക്ഷണത്തിന് വിധേയരാകണം. ഈ 21 ദിവസത്തെ നിരീക്ഷണ കാലയളവിൽ ആരോഗ്യ അധികൃതരുടെ പ്രത്യേക അനുമതിയില്ലാതെ രാജ്യത്തിനകത്തോ അന്താരാഷ്ട്ര തലത്തിലോ യാത്ര ചെയ്യാൻ പാടില്ല. ദുരന്തബാധിത പ്രദേശങ്ങളിൽ സേവനം അനുഷ്ഠിച്ച് മടങ്ങുന്ന ആരോഗ്യ പ്രവർത്തകർ, ലാബ് ജീവനക്കാർ, മറ്റ് ഉദ്യോഗസ്ഥർ എന്നിവർക്കും ഈ 21 ദിവസത്തെ നിരീക്ഷണം ബാധകമാണ്. ഇവർക്ക് വിദേശയാത്രയ്ക്ക് മുൻകൂർ അനുമതി നിർബന്ധമാക്കി.
കോംഗോയുടെ തലസ്ഥാനമായ കിൻഷാസയിൽ നിന്നും വാണിജ്യ വിമാനത്തിൽ പാരിസിലേക്ക് മടങ്ങിയ ഫ്രഞ്ച് ഡോക്ടർക്കാണ് രോഗം സ്ഥിരീകരിച്ചത്. വിമാനത്തിൽ കയറുമ്പോൾ ഇദ്ദേഹത്തിന് രോഗലക്ഷണങ്ങൾ ഒന്നും ഉണ്ടായിരുന്നില്ലെന്നും എന്നാൽ യാത്രയ്ക്കിടയിൽ രോഗബാധിതനാവുകയായിരുന്നു എന്നുമാണ് റിപ്പോർട്ടുകൾ. ഇത് വിമാനത്തിലുണ്ടായിരുന്ന മറ്റ് യാത്രക്കാരിലേക്കും രോഗം പടരാൻ കാരണമായിട്ടുണ്ടാകാം എന്ന വലിയ ആശങ്കയ്ക്ക് വഴിവെച്ചിട്ടുണ്ട്. ഇതേതുടർന്നാണ് അതിർത്തികളിൽ പരിശോധന കർശനമാക്കാൻ കോംഗോ നിർബന്ധിതരായത്.

