വിശ്വാസവും യുക്തിയും പരസ്പരവിരുദ്ധമല്ലെന്നും അവ പരസ്പരം സഹായിക്കുന്നവയാണെന്നും ലെയോ പതിനാലാമൻ മാർപാപ്പ ഓർമ്മിപ്പിച്ചു.ഇക്വറ്റോറിയൽ ഗിനിയയിലെ നാഷണൽ യൂണിവേഴ്സിറ്റിയുടെ പുതിയ കാമ്പസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു പാപ്പ. മനുഷ്യന്റെ ബൗദ്ധികമായ അന്വേഷണങ്ങൾക്കു മുന്നിൽ ക്രിസ്തു എന്നത് ഒരു ‘മതപരമായ രക്ഷപെടൽ’ അല്ലെന്നും സത്യവും സ്വാതന്ത്ര്യവും യുക്തിയും തമ്മിലുള്ള അഗാധമായ ഐക്യമാണ് അവനിൽ പ്രകടമാകുന്നതെന്നും മാർപാപ്പ വ്യക്തമാക്കി.
അതേസമയം, ബൗദ്ധികമായ പരിശ്രമങ്ങൾ അവസാനിക്കുന്നിടത്ത് വിശ്വാസം തുടങ്ങുന്നു എന്ന വാദത്തെ പാപ്പ തള്ളിക്കളഞ്ഞു. സത്യം എന്നത് വിനയത്തോടെ അന്വേഷിക്കേണ്ട ഒന്നാണെന്നും അത് ഒരു ട്രോഫി പോലെ കൈവശപ്പെടുത്താനുള്ളതല്ലെന്നും പരിശുദ്ധ പിതാവ് ഓർമ്മിപ്പിച്ചു. കുരിശിനെ മനുഷ്യബുദ്ധിയുടെ നിഷേധമായിട്ടല്ല, മറിച്ച് അതിന്റെ വീണ്ടെടുപ്പിന്റെ അടയാളമായി കാണണമെന്നും ലെയോ പാപ്പ കൂട്ടിച്ചേർത്തു.
സത്യത്തിനായുള്ള അന്വേഷണത്തെ ഇക്വറ്റോറിയൽ ഗിനിയയുടെ ദേശീയവൃക്ഷമായ ‘സീബ’യോട് ഉപമിച്ചാണ് മാർപാപ്പ തന്റെ സന്ദേശം നൽകിയത്. ഒരു വൃക്ഷം ആഴത്തിൽ വേരുകൾ ഉറപ്പിക്കുകയും പതുക്കെ ഉയരങ്ങളിലേക്ക് വളരുകയും ചെയ്യുന്നതുപോലെ, സർവകലാശാലകളും പഠനത്തിന്റെ ഗൗരവത്തിലും ജനതയുടെ ചരിത്രപരമായ ഓർമ്മകളിലും വേരൂന്നിയതായിരിക്കണം. പുതിയ തലമുറകളുടെ രൂപീകരണത്തിനായി അറിവ് പൊതുനന്മയ്ക്കായി ഉപയോഗിക്കുന്ന ദൗത്യം ഉദാത്തമാണെന്നും മാർപാപ്പ പറഞ്ഞു.

