നീണ്ട കാലത്തെ അനിശ്ചിതത്വങ്ങൾക്കും തടസ്സങ്ങൾക്കും ശേഷം രാജ്യം പൊതുതിരഞ്ഞെടുപ്പിലേക്ക് നീങ്ങുകയാണെന്ന് പ്രഖ്യാപിച്ച് ദക്ഷിണ സുഡാൻ. ഈ വർഷം ഡിസംബറിൽ തെരഞ്ഞെടുപ്പ് നടത്തുമെന്ന് സർക്കാർ ഔദ്യോഗികമായി അറിയിച്ചു. 2011-ൽ സുഡാനിൽ നിന്ന് വേർപെട്ട് സ്വാതന്ത്ര്യം നേടിയതിന് ശേഷം രാജ്യത്ത് നടക്കാൻ പോകുന്ന ആദ്യ പൊതുതിരഞ്ഞെടുപ്പാണിത്.
ഒന്നിലധികം തവണ മാറ്റിവച്ച തെരഞ്ഞെടുപ്പ് 2026 ഡിസംബറിൽ തന്നെ നടത്തുമെന്നാണ് സർക്കാർ നൽകുന്ന ഉറപ്പ്. സമാധാന കരാറിലെ നിബന്ധനകൾ പൂർത്തിയാക്കാൻ സമയം വേണമെന്ന കാരണത്താലാണ് നേരത്തെ വോട്ടെടുപ്പ് വൈകിപ്പിച്ചത്. പ്രസിഡന്റ് സാൽവ കീറും വൈസ് പ്രസിഡന്റ് റിക്ക് മച്ചാറും തമ്മിലുള്ള രാഷ്ട്രീയ പോര് രാജ്യത്തെ ആഭ്യന്തര യുദ്ധത്തിലേക്ക് തള്ളിയിട്ടിരുന്നു. 2018-ലെ സമാധാന കരാറിന് ശേഷം രൂപീകരിച്ച ഐക്യ സർക്കാരാണ് നിലവിൽ രാജ്യം ഭരിക്കുന്നത്.
സുതാര്യവും നീതിയുക്തവുമായ തെരഞ്ഞെടുപ്പ് നടത്തുന്നതിന് ആവശ്യമായ സുരക്ഷാ ക്രമീകരണങ്ങളും രാഷ്ട്രീയ സ്വാതന്ത്ര്യവും ഉറപ്പാക്കണമെന്ന് ഐക്യരാഷ്ട്രസഭ നിർദ്ദേശിച്ചു. വോട്ടർ പട്ടിക തയ്യാറാക്കുന്നതിലെ അപാകതകളും സുരക്ഷാ ഭീഷണികളും ഇപ്പോഴും വെല്ലുവിളിയായി തുടരുന്നുണ്ട്.

