സംസ്ഥാനത്ത് അതിശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ കേരളത്തിലെ 11ജില്ലകളിൽ ജാഗ്രത നിർദേശവുമായി കേന്ദ്ര കാലാവസ്ഥാ വകുപ്പ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് ജാഗ്രത നിർദേശം പുറപ്പെടുവിച്ചത്.
മഴ കാരണം ഇന്ന് കാസർകോട്, വയനാട്, എറണാകുളം, ആലപ്പുഴ, കോട്ടയം ജില്ലകളിലും, വടകര, താമരശ്ശേരി താലൂക്കുകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു. സംസ്ഥാനത്തെ വിവിധ ജില്ലകളിൽ ഇന്നു മുതൽ നാലു ദിവസത്തേക്കാണ് ഓറഞ്ച്, യെല്ലോ അലർട്ടുകൾ പ്രഖ്യാപിച്ചിരിക്കുന്നത്.
വടക്കൻ കേരള തീരങ്ങളിൽ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പും സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രവും (INCOIS) മുന്നറിയിപ്പ് നൽകി. മലവെള്ളപ്പാച്ചിലിനും മണ്ണിടിച്ചിലിനും സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നിർദേശിച്ചു. വടക്കൻ കേരള തീരങ്ങളിൽ 2.8 മീറ്റർ മുതൽ 3.6 മീറ്റർ വരെ ഉയരത്തിൽ തിരമാലകൾ ആഞ്ഞടിക്കാൻ സാധ്യതയുള്ളതിനാൽ തീരദേശവാസികൾ ജാഗ്രത പാലിക്കണമെന്ന് നിർദ്ദേശിച്ചിട്ടുണ്ട്. നാളെ പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.

