സംസ്ഥാനത്തെ സ്കൂളുകളിൽ ഈ വർഷത്തെ ഓണപ്പരീക്ഷകൾ ഓഗസ്റ്റ് 13 മുതൽ ആരംഭിക്കും. ഒന്ന് മുതൽ പത്തു വരെയുള്ള ക്ലാസുകളിലെ കുട്ടികൾക്ക് 13-നും ഹയർ സെക്കൻഡറി വിദ്യാർത്ഥികൾക്ക് 14-നുമാണ് പരീക്ഷകൾ തുടങ്ങുന്നത്. രാവിലെയും ഉച്ചയ്ക്കുമായി രണ്ട് സമയങ്ങളിലായാണ് പരീക്ഷകൾ ക്രമീകരിച്ചിരിക്കുന്നത്.
രാവിലെ പത്ത് മണിക്ക് ആരംഭിക്കുന്ന പരീക്ഷകൾക്ക് ചോദ്യങ്ങൾ വായിച്ചു മനസ്സിലാക്കാൻ 15 മിനിറ്റ് സമയം അധികമായി ലഭിക്കും. വെള്ളിയാഴ്ചകളിൽ ഉച്ചയ്ക്ക് രണ്ട് മണിക്കും മറ്റ് ദിവസങ്ങളിൽ ഉച്ചയ്ക്ക് 1.30-നുമാണ് ഉച്ചയ്ക്കുള്ള പരീക്ഷകൾ ആരംഭിക്കുക. എല്ലാ ക്ലാസുകളിലെയും പരീക്ഷകൾ ഓഗസ്റ്റ് 20-ഓടെ പൂർത്തിയാകും.
പരീക്ഷകൾക്ക് ശേഷം ഓഗസ്റ്റ് 21-ന് സ്കൂളുകളിൽ ഓണാഘോഷങ്ങൾ സംഘടിപ്പിക്കാൻ സൗകര്യമുണ്ടാകും. അന്നേ ദിവസം വൈകുന്നേരത്തോടെ സ്കൂളുകൾ ഓണാവധിക്കായി അടയ്ക്കുന്നതായിരിക്കും. അവധിക്ക് ശേഷം ഓഗസ്റ്റ് 31-നായിരിക്കും സ്കൂളുകൾ വീണ്ടും തുറന്ന് പ്രവർത്തിക്കുക.

