സംസ്ഥാനത്ത് തെക്കുപടിഞ്ഞാറൻ മൺസൂൺ വീണ്ടും സജീവമായതിനെത്തുടർന്ന് ജൂലൈ നാല് വരെ കേരളത്തിൽ പരക്കെ ശക്തമായ മഴയ്ക്കും ഇടിമിന്നലിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് (IMD) അറിയിച്ചു. മഴ കടുക്കുന്ന സാഹചര്യത്തിൽ വിവിധ ജില്ലകളിൽ കാലാവസ്ഥാ വകുപ്പ് ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്.
ഇന്ന് വടക്കൻ കേരളത്തിലെ രണ്ട് ജില്ലകളിൽ കനത്ത മഴയ്ക്കുള്ള സാധ്യത പ്രവചിച്ചിട്ടുണ്ട്. അടുത്ത 24 മണിക്കൂറിനുള്ളിൽ 12 സെന്റീമീറ്റർ മുതൽ 20 സെന്റീമീറ്റർ വരെ തീവ്രതയേറിയ മഴ ലഭിക്കാൻ സാധ്യതയുള്ളതിനാൽ ഇവിടെ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് എന്നീ ജില്ലകളിൽ ഏഴ് സെന്റീമീറ്റർ മുതൽ 11 സെന്റീമീറ്റർ വരെയുള്ള ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

