വാഹനാപകടത്തിൽപെട്ട് മസ്തിഷ്കമരണം സംഭവിച്ച തൃശൂർ സ്വദേശിനി നവോമി വിൻസെന്റിന്റെ ഹൃദയമടക്കം ആറ് അവയവങ്ങൾ ദാനം ചെയ്യാൻ കുടുംബം തീരുമാനിച്ചു. തിരുവനന്തപുരത്തെ ജോലിസ്ഥലത്തേക്ക് പോകുന്നതിനിടെ കൊട്ടാരക്കരയിൽ വച്ചുണ്ടായ കാർ അപകടത്തിലാണ് ഇരുപത്തിയഞ്ചുകാരിയായ നവോമിക്ക് ഗുരുതരമായി പരിക്കേറ്റത്.
തിരുവനന്തപുരം കിംസ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന നവോമിയുടെ മസ്തിഷ്കമരണം ഇന്ന് സ്ഥിരീകരിച്ചതിനെ തുടർന്നാണ് അവയവദാനത്തിനുള്ള നടപടികൾ ആരംഭിച്ചത്. ഇതിൽ ഏറ്റവും പ്രധാനപ്പെട്ട ഹൃദയം, എറണാകുളം ലിസി ആശുപത്രിയിൽ ചികിത്സയിലുള്ള രോഗിക്കായി നാളെ രാവിലെ എയർ ആംബുലൻസ് മാർഗം കൊണ്ടുപോകും.
നവോമിയുടെ രണ്ട് വൃക്കകൾ തിരുവനന്തപുരം മെഡിക്കൽ കോളേജിലെയും കിംസ് ആശുപത്രിയിലെയും രോഗികൾക്കും, കരൾ കിംസിലെ മറ്റൊരു രോഗിക്കുമാണ് നൽകുന്നത്. ദുരന്തത്തിന്റെ വലിയ വേദനയ്ക്കിടയിലും ആറുപേർക്ക് പുതുജീവൻ നൽകാൻ തയ്യാറായ നവോമിയുടെ കുടുംബത്തെ സിനിമാ-സാമൂഹികരംഗത്തെ നിരവധി ആളുകൾ അഭിനന്ദിച്ചു.

