ഇറാൻ യുദ്ധവും ഇതിനെത്തുടർന്നുണ്ടായ ഇന്ധനവില വർദ്ധനവും കാരണം ലോകമെമ്പാടും ദശലക്ഷക്കണക്കിന് ആളുകൾ കടുത്ത പട്ടിണിയിലേക്ക് തള്ളിവിടപ്പെടുന്നതായി ഐക്യരാഷ്ട്രസഭയുടെ പട്ടിണി വിരുദ്ധ സംഘടനയായ വേൾഡ് ഫുഡ് പ്രോഗ്രാം മുന്നറിയിപ്പ് നൽകി. പശ്ചിമേഷ്യൻ പ്രതിസന്ധി രൂക്ഷമാകുകയും ആഗോള വിപണിയിൽ എണ്ണവില ഉയർന്ന നിലയിൽ തുടരുകയും ചെയ്തതാണ് ഇതിന് കാരണം.
നിലവിലെ പ്രതിസന്ധി ഏറ്റവും കൂടുതൽ ബാധിച്ച മൂന്ന് ദുർബല രാജ്യങ്ങളിൽ നടത്തിയ വിശകലനത്തിന്റെ ഞെട്ടിക്കുന്ന വിവരങ്ങൾ വേൾഡ് ഫുഡ് പ്രോഗ്രാം പുറത്തുവിട്ടു. ഇതനുസരിച്ച് സോമാലിയയിൽ അധികമായി 25 ലക്ഷം ആളുകൾ പട്ടിണിയിലായി. അഫ്ഗാനിസ്ഥാനിൽ 23 ലക്ഷം ആളുകൾക്ക് അടിസ്ഥാന ഭക്ഷണത്തിനുള്ള വകയില്ലാതായി. ശ്രീലങ്കയിൽ 13 ലക്ഷം ആളുകൾ തങ്ങളുടെ അടിസ്ഥാന ആവശ്യങ്ങൾ നിറവേറ്റാൻ നിലവിൽ ബുദ്ധിമുട്ടുകയാണ്. ഈ വർഷം ജൂൺ അവസാനത്തോടെ ആഗോളതലത്തിൽ 4.5 കോടി ആളുകൾ കൂടി കടുത്ത ഭക്ഷ്യപ്രതിസന്ധിയിലേക്ക് നീങ്ങുമെന്ന് ഡബ്ല്യു. എഫ്. പി കഴിഞ്ഞ മാർച്ചിൽ പ്രവചിച്ചിരുന്നു. നിലവിൽ പട്ടിണി അനുഭവിക്കുന്ന 31.8 കോടി ജനങ്ങൾക്ക് പുറമെയാണിത്.
യുദ്ധം അവസാനിപ്പിക്കുക എന്ന ലക്ഷ്യത്തോടെ അമേരിക്ക ഇറാന്റെ മേൽ വലിയ രീതിയിൽ നയതന്ത്ര സമ്മർദ്ദം ചെലുത്തുകയും വിവിധ ചർച്ചകൾക്ക് മുൻകൈ എടുക്കുകയും ചെയ്യുന്നുണ്ടെങ്കിലും, യു. എസിന്റെ സമാധാന പദ്ധതികളോട് പൂർണ്ണമായി സഹകരിക്കാൻ ഇറാൻ തയ്യാറാകുന്നില്ല എന്നതാണ് യാഥാർത്ഥ്യം. തങ്ങളുടെ സൈനിക ഭീഷണികളും മിസൈൽ-ഡ്രോൺ ശേഷിയും നിലനിർത്തിക്കൊണ്ട്, പശ്ചിമേഷ്യൻ പ്രതിസന്ധിയെ തങ്ങൾക്ക് അനുകൂലമായ ചർച്ചാ ഉപാധിയാക്കി മാറ്റാനാണ് ഇറാൻ ശ്രമിക്കുന്നത്. വെടിനിർത്തൽ നിർദ്ദേശങ്ങളോട് പ്രതികൂലമായി പ്രതികരിക്കുന്നത് വഴി, യു. എസ്. മുന്നോട്ടുവെക്കുന്ന സമാധാന ശ്രമങ്ങളെയും അന്താരാഷ്ട്ര നയതന്ത്ര നീക്കങ്ങളെയും ഇറാൻ നിരന്തരം സങ്കീർണ്ണമാക്കുന്നു. ഇനിയും ചർച്ചകളിലേക്ക് സഹകരിക്കാൻ ഇറാൻ വരാത്ത പക്ഷം വേൾഡ് ഫുഡ് പ്രോഗ്രാം മുന്നറിയിപ്പ് നൽകുന്നത് പോലെ ദശലക്ഷക്കണക്കിന് ആളുകൾ കടുത്ത പട്ടിണിയിലേക്ക് തള്ളിവിടപ്പെടും എന്ന കാര്യം തീർച്ചയാണ്.

