ലോകത്തിലെ ഏറ്റവും ഉയർന്ന കൊടുമുടിയായ മൗണ്ട് എവറസ്റ്റിന്റെ ചരിത്രത്തിലെ ഏറ്റവും തിരക്കേറിയ മലകയറ്റ സീസണായി 2026 മാറി. ഈ സീസണിൽ മാത്രം ആയിരത്തിലധികം മലകയറ്റക്കാർ എവറസ്റ്റിന്റെ നെറുകയിൽ എത്തിയതായി നേപ്പാൾ അധികൃതർ അറിയിച്ചു. 2019-ൽ കുറിക്കപ്പെട്ട 877 വിജയകരമായ മലകയറ്റങ്ങൾ എന്ന റെക്കോർഡാണ് ഇതോടെ പഴങ്കഥയായത്.
എവറസ്റ്റ് ബേസ് ക്യാമ്പിലുള്ള നേപ്പാൾ ടൂറിസം ഓഫീസിലെ ഖിം ലാൽ ഗൗതം ഈ വർഷത്തെ സീസൺ വൻ വിജയമായിരുന്നുവെന്ന് സ്ഥിരീകരിച്ചു. ഇതുവരെയുള്ള എണ്ണം ആയിരം കടന്നുവെങ്കിലും അന്തിമമായ ഔദ്യോഗിക കണക്കുകൾ സൂക്ഷ്മമായി പരിശോധിച്ച് വരികയാണെന്ന് ടൂറിസം വകുപ്പ് ഉദ്യോഗസ്ഥനായ ഹിമാൽ ഗൗതം വ്യക്തമാക്കി.
ചരിത്രത്തിലില്ലാത്ത വിധം നീണ്ടുനിന്ന ശാന്തവും അനുകൂലവുമായ കാലാവസ്ഥയാണ് ഇത്തവണ ഇത്രയധികം പേർക്ക് എവറസ്റ്റ് കീഴടക്കാൻ തുണയായത്. മാത്രമല്ല നേപ്പാൾ ചരിത്രത്തിലാദ്യമായി ഇത്തവണ 494 വിദേശ മലകയറ്റക്കാർക്ക് പെർമിറ്റ് നൽകിയിരുന്നു. മെയ് 21-ന് മാത്രം ഏകദേശം 275 ആളുകളാണ് ഒരേസമയം എവറസ്റ്റ് കൊടുമുടിയിൽ എത്തിയത്. ഈ സീസണിലെ ഏറ്റവും തിരക്കേറിയ ദിവസമായിരുന്നു ഇത്. ഈ സീസൺ വിജയകരമായിരുന്നുവെങ്കിലും കുറഞ്ഞത് അഞ്ച് മരണങ്ങളെങ്കിലും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. 2024-ൽ എട്ടും, 2025-ൽ അഞ്ചും മരണങ്ങൾ നടന്നിരുന്നു.

