ലോകത്തിലെ ഏറ്റവും മികച്ച അഭയാർത്ഥി സൗഹൃദ നയങ്ങളുള്ള രാജ്യങ്ങളിലൊന്നായ ഉഗാണ്ടയിൽ അന്താരാഷ്ട്ര സഹായങ്ങൾ വെട്ടിക്കുറച്ചത് ഗുരുതരമായ മാനുഷിക പ്രതിസന്ധി സൃഷ്ടിക്കുന്നു. സുഡാൻ, ദക്ഷിണ സുഡാൻ തുടങ്ങിയ രാജ്യങ്ങളിലെ ആഭ്യന്തര കലാപങ്ങളിൽ നിന്ന് ജീവനും കൊണ്ട് ഓടിയെത്തിയ 20 ലക്ഷത്തോളം അഭയാർത്ഥികളാണ് നിലവിൽ പട്ടിണിയിലും മരുന്നില്ലായ്മയിലും നരകിക്കുന്നത്. ആഫ്രിക്കയിൽ ഏറ്റവും കൂടുതൽ അഭയാർത്ഥികളുള്ള രാജ്യമാണ് ഉഗാണ്ട.
യു.എന്നിന്റെ അഭയാർത്ഥി ഏജൻസിയായ UNHCR-ന് ഉഗാണ്ടയിലെ പ്രവർത്തനങ്ങൾക്കായി ആവശ്യമായ 850 ദശലക്ഷം ഡോളറിന്റെ വെറും 12% തുക മാത്രമാണ് ഈ വർഷം ലഭിച്ചത്. വേൾഡ് ഫുഡ് പ്രോഗ്രാം (WFP) തങ്ങളുടെ ഭക്ഷ്യസഹായം വൻതോതിൽ വെട്ടിച്ചുരുക്കി. 2025-ന്റെ തുടക്കത്തിൽ 16 ലക്ഷം അഭയാർത്ഥികൾക്ക് റേഷൻ നൽകിയിരുന്ന സ്ഥാനത്ത് ഇപ്പോൾ വെറും 6.6 ലക്ഷം പേർക്ക് മാത്രമാണ് സഹായം നൽകുന്നത്. അഞ്ച് വയസ്സിൽ താഴെയുള്ള കുട്ടികളിലെ കടുത്ത പോഷകാഹാരക്കുറവ് ഒറ്റവർഷം കൊണ്ട് 50 ശതമാനത്തോളമാണ് വർദ്ധിച്ചത്.
ഇന്റർനാഷണൽ റെസ്ക്യൂ കമ്മിറ്റിയുടെ (IRC) ഉഗാണ്ടയിലെ ആരോഗ്യ ബഡ്ജറ്റ് 18 ദശലക്ഷം ഡോളറിൽ നിന്നും വെറും 4 ദശലക്ഷം ഡോളറായി കുത്തനെ ഇടിഞ്ഞു. ഇതേത്തുടർന്ന് 11 അഭയാർത്ഥി ക്യാമ്പുകളിലെ ക്ലിനിക്കുകൾ അടച്ചുപൂട്ടുകയും 80% ജീവനക്കാരെ പിരിച്ചുവിടുകയും ചെയ്തു. ഇതോടെ കോളറ, വസൂരി, എംപോക്സ് തുടങ്ങിയ രോഗങ്ങൾ പടരാനുള്ള സാധ്യത വർദ്ധിച്ചു.

