യുക്രൈനിൽ റഷ്യ നടത്തുന്ന വ്യോമാക്രമണങ്ങളിൽ ജൂൺ മാസത്തിൽ മാത്രം കുറഞ്ഞത് 265 സാധാരണക്കാർ കൊല്ലപ്പെടുകയും 1,816 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ഐക്യരാഷ്ട്രസഭ. 2022 ഫെബ്രുവരിയിൽ റഷ്യ യുക്രൈനിൽ പൂർണ്ണതോതിലുള്ള അധിനിവേശം ആരംഭിച്ചതിന് ശേഷമുള്ള ആദ്യ മാസങ്ങൾക്ക് ശേഷം റിപ്പോർട്ട് ചെയ്യപ്പെടുന്ന ഏറ്റവും ഉയർന്ന പ്രതിമാസ മരണനിരക്കാണിതെന്ന് ഐക്യരാഷ്ട്രസഭയുടെ ഉന്നത ഉദ്യോഗസ്ഥ സെക്യൂരിറ്റി കൗൺസിലിനെ അറിയിച്ചു.
യുക്രൈനിൽ സാധാരണക്കാർക്ക് നേരെയുണ്ടാകുന്ന ആക്രമണങ്ങൾ മെയ് മാസത്തേക്കാൾ ജൂണിൽ വർദ്ധിച്ചതായി യു.എൻ രാഷ്ട്രീയകാര്യ മേധാവി റോസ്മേരി ഡി കാർലോ വ്യക്തമാക്കി. ജൂൺ മാസത്തെ അന്തിമ കണക്കുകൾ ഈ മാസം അവസാനത്തോടെ പുറത്തുവിടും. ഈ ആശങ്കാജനകമായ സാഹചര്യം ജൂലൈ മാസത്തിലും തുടരുകയാണ്. ഈ കഴിഞ്ഞ ആഴ്ചയിൽ മാത്രം കീവ് ഉൾപ്പെടെയുള്ള യുക്രേനിയൻ നഗരങ്ങൾക്ക് നേരെ മൂന്ന് വലിയ വ്യോമാക്രമണങ്ങളാണ് റഷ്യ നടത്തിയത്.
യു.എൻ മനുഷ്യാവകാശ ഹൈക്കമ്മീഷണറുടെ (OHCHR) കണക്കുകൾ പ്രകാരം യുദ്ധം ആരംഭിച്ചതുമുതൽ ഇതുവരെ 802 കുട്ടികൾ ഉൾപ്പെടെ 16,402 സാധാരണക്കാർ യുക്രൈനിൽ കൊല്ലപ്പെട്ടിട്ടുണ്ട്. 48,428 പേർക്ക് പരിക്കേറ്റു. യഥാർത്ഥ കണക്കുകൾ ഇതിലും വളരെ കൂടുതലായിരിക്കാനാണ് സാധ്യതയെന്നും യു.എൻ ചൂണ്ടിക്കാട്ടുന്നു.

