രണ്ട് വർഷത്തെ പ്രവാസജീവിതത്തിന് ശേഷം വരും മാസങ്ങളിൽ താൻ ബംഗ്ലാദേശിലേക്ക് മടങ്ങുമെന്നും പാർട്ടി നേതാക്കൾക്കൊപ്പം കോടതിയിൽ കീഴടങ്ങുമെന്നും മുൻ ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന. റോയിട്ടേഴ്സിന് നൽകിയ പ്രത്യേക ടെലിഫോൺ അഭിമുഖത്തിലാണ് 78-കാരിയായ ഹസീന തന്റെ തിരിച്ചുവരവ് പദ്ധതി പ്രഖ്യാപിച്ചത്. നിലവിൽ ബംഗ്ലാദേശിൽ ഹസീനയ്ക്ക് വധശിക്ഷ വിധിച്ചിരിക്കുകയാണ്. കൂടാതെ അവരുടെ പാർട്ടിയായ അവാമി ലീഗിന് അവിടെ നിരോധനവുമുണ്ട്.
ഡിസംബറോടെ ഇന്ത്യയിൽ നിന്ന് മടങ്ങാനാണ് താനും മറ്റ് മുതിർന്ന നേതാക്കളും പദ്ധതിയിടുന്നതെന്ന് അവർ വ്യക്തമാക്കി. “തിരിച്ചെത്തിയാൽ അവർ എന്നെ അറസ്റ്റ് ചെയ്തേക്കാം, ചിലപ്പോൾ കൊന്നേക്കാം. എങ്കിലും എനിക്ക് പോയേ തീരൂ. എന്റെ പാർട്ടി പ്രവർത്തകർ കടുത്ത അടിച്ചമർത്തലുകൾ നേരിടുകയാണ്. മരണം വരികയാണെങ്കിൽ, അത് എന്റെ മാതാപിതാക്കളെ അടക്കം ചെയ്ത, അവരുടെ ചോര വീണ സ്വന്തം മണ്ണിൽ വച്ചാകട്ടെ” എന്നായിരുന്നു ഹസീന പറഞ്ഞത്.
2024-ൽ നടന്ന വലിയ വിദ്യാർത്ഥി പ്രക്ഷോഭങ്ങളെത്തുടർന്നാണ് 20 വർഷത്തോളം ബംഗ്ലാദേശ് ഭരിച്ച ഷെയ്ഖ് ഹസീനയ്ക്ക് രാജ്യം വിടേണ്ടി വന്നത്. തുടർന്ന് നവംബറിൽ അവിടുത്തെ യുദ്ധക്കുറ്റ കോടതി ഹസീനയ്ക്കും മുൻ ആഭ്യന്തര മന്ത്രി അസദുസ്സമാൻ ഖാൻ കമാലിനും വധശിക്ഷ വിധിച്ചു. എന്നാൽ ഈ ആരോപണങ്ങളെല്ലാം അവർ നിഷേധിച്ചു.

