Sunday, April 26, 2026

രാഹുൽ ഗാന്ധി ഇന്ന് ആൻഡമാൻ നിക്കോബാർ ദ്വീപുകളിൽ; രണ്ട് ദിവസത്തെ സന്ദർശനം

മുതിർന്ന കോൺഗ്രസ് നേതാവും ലോക്സഭാ പ്രതിപക്ഷ നേതാവുമായ രാഹുൽ ഗാന്ധി രണ്ട് ദിവസത്തെ സന്ദർശനത്തിനായി ഇന്ന് ആൻഡമാൻ നിക്കോബാർ ദ്വീപുകളിലെത്തും. കേന്ദ്ര സർക്കാരിന്റെ ഗ്രേറ്റ് നിക്കോബാർ ഇൻഫ്രാസ്ട്രക്ചർ പ്രോജക്റ്റിനെതിരെ പ്രതിഷേധിക്കുന്ന ഗോത്രവർഗ പ്രതിനിധികളുമായും പ്രാദേശിക നേതാക്കളുമായും അദ്ദേഹം ചർച്ച നടത്തും.

രാവിലെ ശ്രീ വിജയപുരത്ത് എത്തുന്ന അദ്ദേഹം ഹെലികോപ്റ്റർ മാർഗ്ഗം ഗ്രേറ്റ് നിക്കോബറിലെ ക്യാമ്പ്‌ബെൽ ബേയിലേക്ക് തിരിക്കും. അവിടെ ഗലാത്തിയ ബേ, ഇന്ദിരാ പോയിന്റ് എന്നിവിടങ്ങൾ സന്ദർശിക്കും. തുടർന്ന് ഗോത്രവർഗ നേതാക്കളുമായി കൂടിക്കാഴ്ച നടത്തുകയും രാത്രി അവിടെ തങ്ങുകയും ചെയ്യും.

ഗ്രേറ്റ് നിക്കോബാർ പദ്ധതി പരിസ്ഥിതിക്കും തദ്ദേശീയ ഗോത്രവർഗ്ഗക്കാർക്കും ഭീഷണിയാണെന്ന് നേരത്തെ തന്നെ രാഹുൽ ഗാന്ധിയും സോണിയ ഗാന്ധിയും ആരോപിച്ചിരുന്നു. ഈ വിഷയത്തിൽ നേരിട്ട് പഠനം നടത്തുന്നതിനും ജനങ്ങളുടെ പരാതികൾ കേൾക്കുന്നതിനുമാണ് അദ്ദേഹത്തിന്റെ ഈ സന്ദർശനം.

തിങ്കളാഴ്ച രാവിലെ ശ്രീ വിജയപുരത്ത് തിരിച്ചെത്തുന്ന രാഹുൽ ഗാന്ധിക്ക് നഗരത്തിൽ വൻ റോഡ് ഷോ സംഘടിപ്പിച്ചിട്ടുണ്ട്. ബസാർ, ജംഗ്ലീഘട്ട് തുടങ്ങിയ പ്രധാന കേന്ദ്രങ്ങളിലൂടെ കടന്നുപോകുന്ന റോഡ് ഷോയ്ക്ക് ശേഷം ഡോ. ബി.ആർ. അംബേദ്കർ ഓഡിറ്റോറിയത്തിൽ നടക്കുന്ന പ്രവർത്തക സംഗമത്തിൽ അദ്ദേഹം സംസാരിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here

Latest News