റഷ്യക്ക് വേണ്ടി യുക്രൈനെതിരെ പോരാടി മരിച്ച ഉത്തരകൊറിയൻ സൈനികരുടെ എണ്ണം പുറത്തുവരുന്നു. പ്യോങ്യാങ്ങിൽ പുതുതായി നിർമ്മിച്ച യുദ്ധസ്മാരകത്തിലെ പേരുകൾ പരിശോധിച്ചതിൽ നിന്നും ഏകദേശം 2,300 സൈനികർ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്. റഷ്യയിലെ കുർസ്ക് മേഖല തിരിച്ചുപിടിക്കാൻ അയച്ച പതിനൊന്നായിരത്തോളം സൈനികരിൽ വലിയൊരു വിഭാഗം മരണപ്പെട്ടതായാണ് ഉപഗ്രഹ ചിത്രങ്ങൾ നൽകുന്ന സൂചന.
കൊല്ലപ്പെട്ട സൈനികരുടെ ഓർമ്മയ്ക്കായി ഉത്തരകൊറിയൻ ഭരണാധികാരി കിം ജോങ് ഉന്നിന്റെ നിർദ്ദേശപ്രകാരമാണ് ഈ മ്യൂസിയവും സ്മാരകവും പണിതത്. സ്മാരകത്തിലെ രണ്ട് വലിയ മതിലുകളിലായി ആയിരക്കണക്കിന് സൈനികരുടെ പേരുകൾ കൊത്തിവെച്ചിട്ടുണ്ട്. കഴിഞ്ഞ ഏപ്രിലിൽ ഉദ്ഘാടനം ചെയ്ത ഈ സ്മാരകം, യുദ്ധത്തിൽ സൈനികർ കാണിച്ച വീര്യത്തെ ആദരിക്കാനാണെന്നാണ് ഉത്തരകൊറിയൻ വാർത്താ ഏജൻസികൾ വ്യക്തമാക്കുന്നത്.
യുദ്ധത്തിൽ സഹായിക്കുന്നതിന് പകരമായി റഷ്യയിൽ നിന്ന് ഭക്ഷണവും പണവും സാങ്കേതിക സഹായവും ഉത്തരകൊറിയക്ക് ലഭിക്കുന്നുണ്ട്. സൈനികരുടെ കുടുംബങ്ങൾക്ക് താമസിക്കാൻ പ്രത്യേക വീടുകളും ഭരണകൂടം പണിതു നൽകിയിട്ടുണ്ട്. ഔദ്യോഗികമായി മരിച്ചവരുടെ എണ്ണം ഉത്തരകൊറിയ പുറത്തുവിട്ടിട്ടില്ലെങ്കിലും ഈ പുതിയ സ്മാരകം യുദ്ധത്തിലെ വലിയ നാശനഷ്ടങ്ങളുടെ തെളിവായി മാറുകയാണ്.

