രാജ്യദ്രോഹക്കുറ്റം ആരോപിച്ച് നേതാജി സുഭാഷ് ചന്ദ്രബോസിനെ ബ്രിട്ടീഷുകാർ അനിശ്ചിതകാലത്തേക്കു തടവിലാക്കിയത് 1940 ജൂലൈ രണ്ടിനായിരുന്നു. ബ്രിട്ടീഷുകാരുടെ മുഖ്യശത്രുക്കളിൽ ഒരാളായിരുന്ന നേതാജിയെ കൊൽക്കത്തയിലുള്ള പ്രസിഡൻസി ജയിലിലാണ് തടവിൽ പാർപ്പിച്ചിരുന്നത്. ജയിലിൽ അദ്ദേഹത്തിന് കടുത്ത നിയന്ത്രണങ്ങളും കനത്ത സുരക്ഷാവലയവും ഏർപ്പെടുത്തിയിരുന്നു. അതേവർഷം നവംബറിൽ, തന്നെ നിയമവിരുദ്ധമായി തടവിലാക്കിയതിൽ പ്രതിഷേധിച്ച് നേതാജി ജയിലിൽ നടത്തിയ നിരാഹാര സത്യാഗ്രഹം അന്താരാഷ്ട്രതലത്തിൽ ശ്രദ്ധിക്കപ്പെട്ടു. അതിനാൽ അദ്ദേഹത്തെ താൽക്കാലികമായി ജയിൽമോചിതനാക്കി. ബ്രിട്ടീഷ് അധികൃതരുടെ രഹസ്യനിരീക്ഷണത്തിലായിരുന്നെങ്കിൽകൂടി അദ്ദേഹം പിന്നീട് തടവിൽനിന്ന് രക്ഷപെട്ടു.
1972 ജൂലൈ രണ്ടിനാണ് പാക്കിസ്ഥാനും ഇന്ത്യയും തമ്മിലുള്ള സിംല കരാർ നിലവിൽ വന്നത്. ഇന്ത്യൻ പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാഗാന്ധിയും പാക്കിസ്ഥാൻ പ്രസിഡന്റായിരുന്ന സുൽഫിക്കർ അലി ഭൂട്ടോയുമാണ് ഈ കരാറിൽ ഒപ്പുവച്ചത്. ഇരുരാജ്യങ്ങളും തമ്മിലുള്ള സൗഹാർദപരമായ അയൽപക്കബന്ധത്തിനു വേണ്ടിയുള്ള രൂപരേഖയായിരുന്നു സിംല കരാർ. രണ്ടു രാജ്യങ്ങളും തമ്മിലുള്ള ഇടപാടുകളിൽ പാലിക്കേണ്ടതെന്തെന്ന് പാക്കിസ്ഥാനും ഇന്ത്യയും അംഗീകരിച്ച മാർഗനിർദേശങ്ങളായിരുന്നു കരാറിലുണ്ടായിരുന്നത്. 1971 ലെ ഇന്ത്യാ-പാക്കിസ്ഥാൻ യുദ്ധത്തിനുശേഷം എട്ടുമാസങ്ങൾ കഴിഞ്ഞാണ് ഈ കരാർ ഒപ്പുവച്ചത്.
അമേരിക്കൻ ആക്ടിവിസ്റ്റായിരുന്ന സൂസൻ ബി അന്തോണിയുടെ ചിത്രം ആലേഖനം ചെയ്ത ഡോളർ നാണയം പുറത്തിറങ്ങിയത് 1979 ജൂലൈ രണ്ടിനായിരുന്നു. അമേരിക്കൻ ഡോളർ കോയിനുകളിൽ ആലേഖനം ചെയ്യപ്പെടുന്ന ആദ്യ വനിതയായിരുന്നു സൂസൻ. ന്യൂയോർക്കിലെ റോച്ചെസ്റ്ററിലുള്ള അവരുടെ ഭവനത്തിൽ വച്ചാണ് ഈ കോയിൻ പുറത്തിറക്കിയത്. മുൻപ് നിലനിന്നിരുന്ന കോയിനേജ് നിയമങ്ങളെ ഭേദഗതി ചെയ്ത് സൂസൻ ബി അന്തോണി ഡോളർ കോയിൻ ആക്ടിൽ പ്രസിഡണ്ട് ജിമ്മി കാർട്ടർ ഒപ്പുവച്ചതോടു കൂടിയാണ് നാണയത്തിൽ അവരുടെ ചിത്രം ആലേഖനം ചെയ്തു തുടങ്ങിയത്. 1979 ൽ മാത്രം സൂസന്റെ ചിത്രം പതിച്ച 75 കോടിയിലധികം നാണയങ്ങളാണ് പുറത്തിറങ്ങിയത്. 1997 ൽ ഒരു ഡോളർ സംബന്ധിച്ച കോയിൻ നിയമം നിലവിൽവന്നതു മുതലാണ് സൂസൻ ബി അന്തോണി കോയിൻ നിയമം ഇല്ലാതായത്.

