Sunday, July 5, 2026

ചരിത്രത്തിൽ ഈ ദിനം: ജൂലൈ 03

കളർ ടെലിവിഷന്റെ ആദ്യത്തെ പ്രദർശനം നടന്നത് 1928 ജൂലൈ മൂന്നിനായിരുന്നു. ജോൺ ലോഗി ബയാർഡാണ് കളർ ടെലിവിഷന്റെ ആദ്യ പ്രദർശനം സംഘടിപ്പിച്ചത്. ലണ്ടനിലുള്ള അദ്ദേഹത്തിന്റെ ലബോറട്ടറിയിലായിരുന്നു പ്രദർശനം. ഇലക്ട്രോ മെക്കാനിക്കൽ സാങ്കേതികവിദ്യയാണ് ആദ്യ കളർ ടെലിവിഷനിൽ ഉപയോഗിച്ചിരുന്നത്. ഒരു സ്പിന്നിംഗ് മിറർ ഡ്രം, ഒരു റിവോൾവിംഗ് ഡിസ്ക്, പച്ച, നീല, ചുവപ്പ് കളറുകളിലുള്ള മൂന്ന് ഫിൽട്ടറുകൾ എന്നിവയായിരുന്നു ടി വി യിൽ ഉപയോഗിച്ചിരുന്നത്. ഒരു മനുഷ്യമുഖം, ഒരു പൊലീസ് ഹെൽമെറ്റ്, നീല, ചുവപ്പ് കളറുകളിലുള്ള പൂക്കൾ എന്നിവയാണ് ആദ്യമായി കളർ ടെലിവിഷനിൽ പ്രദർശിപ്പിച്ചത്.

1976 ജൂലൈ മൂന്നിനാണ് എന്റബെ മിഷന് ഇസ്രായേൽ മന്ത്രിസഭ അനുമതി നൽകിയത്. ഇസ്രായേൽ ചാരസംഘടനയായ മൊസാദിന്റെ നേതൃത്വത്തിൽ ഓപ്പറേഷൻ തണ്ടർബോൾട്ട് എന്നുകൂടി പേരിട്ടു വിളിക്കുന്ന അതിസാഹസികമായ സൈനിക നീക്കമായിരുന്നു മിഷൻ എന്റബെ. 1976 ജൂണിൽ ടെൽ അവീവിൽ നിന്ന് പാരീസിലേക്കു പറന്ന എയർഫ്രാൻസിന്റെ എയർബസ് വിമാനം റാഞ്ചികൾ തട്ടിയെടുത്ത് ഉഗാണ്ടയുടെ തലസ്ഥാനമായ എന്റെബെയിൽ ഇറക്കി. ഇസ്രായേലിൽ ജയിലിൽ കഴിയുന്ന 56 ഭീകരരെ വിട്ടയയ്ക്കുക, 50 ലക്ഷം ഡോളർ കൈമാറുക എന്നിവയായിരുന്നു റാഞ്ചികളുടെയും ഉഗാണ്ട പ്രസിഡന്റായിരുന്ന ഈദി അമീന്റെയും ആവശ്യം. ഭീകരരിൽ നിന്ന് പൗരന്മാരെ മോചിപ്പിക്കാൻ ഇസ്രായേൽ നടത്തിയ കമാൻഡോ നീക്കമായിരുന്നു എന്റബെ മിഷൻ. വ്യക്തമായ മാപ്പിങ് നടത്തി, എന്റബെ എയർപോർട്ട് നിർമ്മിച്ചവരിൽനിന്ന് ഓരോ വിവരവും മൊസാദ് ശേഖരിച്ചിരുന്നു. ബന്ദികളെ മാറ്റിപ്പാർപ്പിച്ചിരുന്ന കെട്ടിടത്തിന്റെ മാതൃക തന്നെ നിർമ്മിച്ചാണ് കമാൻഡോകൾ പരിശീലനം നടത്തിയത്. ദൗത്യത്തിനുവേണ്ട സാങ്കേതിക സംവിധാനങ്ങൾ വരെ കേവലം നാലുദിവസം കൊണ്ട് ഇസ്രായേൽ ഗവേഷകർ വികസിപ്പിച്ചെടുത്തു. ജൂലൈ നാലിന് വൈകിട്ട് നാലു ഭീമൻ ഹെർക്കുലീസ് വിമാനങ്ങളിൽ ഇസ്രായേലിൽ നിന്ന് ടേക്ക് ഓഫ് ചെയ്ത സംഘം ഭീകരരുടെ തടവിലായിരുന്ന 106 പേരിൽ 102 പേരെയും കൊണ്ടാണ് തിരിച്ചുപറന്നത്. ഉഗാണ്ടൻസേനയുടെ 30 മിഗ് പോർവിമാനങ്ങളും ദൗത്യത്തിനിടെ ഇസ്രായേൽ തകർത്തു.

രണ്ടാം ഹൗറ പാലം എന്നറിയപ്പെടുന്ന വിദ്യാസാഗർ സേതുവിന്റെ നിർമ്മാണം ആരംഭിച്ചത് 1979 ജൂലൈ മൂന്നിനാണ്. കൽക്കട്ടയിലെ ഹൂഗ്ലി നദിക്കു കുറുകെയുള്ള രണ്ടാമത്തെ പാലമാണ് വിദ്യാസാഗർ സേതു. 823 മീറ്ററാണ് പാലത്തിന്റെ നീളം. 3.88 ബില്യൺ തുക മുടക്കി നിർമ്മിച്ച ഈ പാലത്തിന് വിദ്യാഭ്യാസ വിചക്ഷണനായ ഈശ്വരചന്ദ്ര വിദ്യാസാഗറിന്റെ പേരാണ് നൽകിയിരിക്കുന്നത്. 1992 ഒക്ടോബർ പത്തിനാണ് പാലം ഗതാഗതത്തിനായി തുറന്നുകൊടുത്തത്.

LEAVE A REPLY

Please enter your comment!
Please enter your name here

Latest News