അമേരിക്കയിലെ ആദ്യ ടാബ്ലോയിഡ് പത്രങ്ങളിലൊന്നായ ന്യൂയോർക്ക് ഡെയ്ലി ന്യൂസ് എന്ന പത്രത്തിന്റെ ആദ്യപ്രതി പ്രസിദ്ധീകരിക്കപ്പെട്ടത് 1919 ജൂൺ 26 നായിരുന്നു. ജോസഫ് പാറ്റേഴ്സണായിരുന്നു സ്ഥാപക പത്രാധിപർ. 1926 ആയപ്പോഴേക്കും ഒരു മില്യൺ വരിക്കാരുമായി അത് അമേരിക്കയിലെ ഏറ്റവും വലിയ ദിനപ്പത്രമായി മാറി. രണ്ടാം ലോകമഹായുദ്ധാനന്തരം സാമ്പത്തികപ്രതിസന്ധിയിലായ പത്രം പിന്നീട് പുനർജനിക്കുന്നത് 1993 ൽ മോർട്ടിമർ സുക്കർമാനും ഫ്രെഡ് ഡ്രാസ്നെറും ചേർന്ന് അത് ഏറ്റെടുത്തപ്പോഴാണ്. 36 മില്യൺ ഡോളറിനാണ് അവർ പത്രം ഏറ്റെടുത്തത്.
1945 ജൂൺ 26 നാണ് അന്തിമരൂപം നൽകപ്പെട്ട ഐക്യരാഷ്ട്ര സഭയുടെ പ്രമാണരേഖയിൽ അംഗരാഷ്ട്രങ്ങൾ സാൻഫ്രാൻസിസ്കോയിൽ വച്ച് ഒപ്പുവച്ചത്. ഏപ്രിൽ 25 നു നടന്ന യുണൈറ്റഡ് നേഷൻസ് കോൺഫറൻസ് ഓൺ ഇന്റർനാഷണൽ ഒർഗനൈസേഷൻ എന്ന അന്താരാഷ്ട്ര സമ്മേളനത്തിലാണ് യു എൻ ചാർട്ടറിന് അന്തിമരൂപമായത്. ഈ സമ്മേളനത്തിൽ പങ്കെടുത്ത അൻപതു രാജ്യങ്ങളെയാണ് സ്ഥാപകാംഗങ്ങളായി കണക്കാക്കുന്നത്. സമ്മേളനത്തിൽ പങ്കെടുത്തില്ലെങ്കിലും സ്ഥാപകാംഗമായി പോളണ്ടിനെ പിന്നീട് ചേർത്തു. ജൂൺ 26 ന് ഒപ്പുവച്ച ചാർട്ടർ ഒക്ടോബർ 24 ന് വിളംബരം ചെയ്തതോടെയാണ് ഐക്യരാഷ്ട്ര സംഘടന നിലവിൽ വന്നത്.
ലോകപ്രശസ്തമായ ഹാരി പോട്ടർ സീരീസിലെ ആദ്യ നോലവായ ഹാരി പോട്ടർ ആന്റ് ദി ഫിലോസഫേഴ്സ് സ്റ്റോൺ എന്ന കൃതി പ്രസിദ്ധീകൃതമായത് 1997 ജൂൺ 26 നായിരുന്നു. ജെ കെ റൗളിംഗ് ആണ് നോവലിന്റെ രചയിതാവ്. ബ്ലൂംസ്ബറി പബ്ലിഷേഴ്സ് ലണ്ടനിലാണ് ഇതിന്റെ ആദ്യപ്രതി പ്രസിദ്ധീകരിച്ചത്. ഏഴു നോവലുകൾ ചേർന്നതാണ് ഹാരിപോട്ടർ സീരീസ്. 2007 ലാണ് അവസാന നോവൽ പ്രസിദ്ധീകരിച്ചത്. ഹാരിപോട്ടർ ആന്റ് ദി ഡെത്ത്ലി ഹാലോസ് എന്നായിരുന്നു അവസാന നോവലിന്റെ പേര്. ഈ നോവൽ സീരീസ് ആസ്പദമാക്കി പിന്നീട് സിനിമകളും നിർമ്മിക്കപ്പെട്ടിട്ടുണ്ട്.

